ഗോവയില്‍ താമസിക്കുന്ന പാകിസ്ഥാനി ക്രിസ്ത്യന്‍ പൗരന് സി എ എ പ്രകാരം ഇന്ത്യൻ പൗരത്വം നല്‍കി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ജോസഫ് ഫ്രാന്‍സിസ് പെരേര എന്ന പാകിസ്ഥാനി ക്രിസ്ത്യന്‍ പൗരന് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സി എ എ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത്ഷായോടും ജോസഫ് ഫ്രാന്‍സിസ് പെരേര നന്ദി പറഞ്ഞു. ഇതോടെ സിഎഎയ്ക്കെതിരെ പ്രതിഷേധിച്ച കത്തോലിക്കാ സഭ പ്രതിരോധത്തിലായിരിക്കുകയാണ്.
ജോസഫ് ഫ്രാന്‍സിസ് പെരേര വിവാഹം കഴിച്ചത് ഗോവന്‍ യുവതിയെ ആണെങ്കിലും പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് വരെ ഇന്ത്യന്‍ പൗരത്വം നേടുന്നതില്‍ വിവിധ തടസങ്ങള്‍ നേരിട്ടിരുന്നു. വിവാഹം കഴിഞ്ഞതു മുതല്‍ തങ്ങള്‍ പൗരത്വത്തിനായി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ലഭിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ മാര്‍ത്ത പെരേര പറയുന്നു. കഴിഞ്ഞ ജൂണിലാണ് സി എ എ വഴി ഇന്ത്യൻ പൗരത്വത്തിന് ഇവര്‍ അപേക്ഷിച്ചത്. പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 ബിയിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പെരേരയ്ക്ക് പൗരത്വം ലഭിച്ചിരിക്കുന്നത്.
1960ലാണ് ജോസഫ് പെരേര പാകിസ്ഥാനിലേക്ക് കുടിയേറിയത്. തുടര്‍ന്ന് അദ്ദേഹം 37 വര്‍ഷം ബഹറൈനില്‍ ജോലി ചെയ്തു. 2013ല്‍ വിരമിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരയായ ഭാര്യയോടോപ്പം ഗോവയില്‍ താമസിക്കുകയാണ്.

