തിരുവനന്തപുരം നന്ദിയോട്ടെ പടക്ക വിൽപ്പനശാലയ്ക്ക് തീപിടിച്ചു. ആലംപാറയിൽ ശ്രീമുരുക പടക്ക വിൽപ്പനശാലയ്‌ക്കാണ് തീ പിടിച്ചത്. കടയുടെ ഉടമയായ ഷിബുവിന് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. പടക്ക വിൽപ്പനശാലയിൽ നിന്നും പെട്ടെന്നൊരു പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ തീ പടർന്ന് പിടിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. സംഭവസമയത്ത് കടയുടെ ഉടമയായ ഷിബു മാത്രമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. എന്തുകൊണ്ടാണ് തീപിടിച്ചതെന്നതിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് അഗ്നിശമന സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

