മലപ്പുറം: താനൂരിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായ കേസിൽ ദുരൂഹത നീക്കാനാകാതെ പോലീസ്. പെൺകുട്ടികളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ പോലീസ് പൂർണ്ണമായും വിശ്വസിക്കുന്നില്ല. പെൺകുട്ടികളോടൊപ്പം യാത്ര ചെയ്ത റഹീം അസ്ലമിനെ കുറിച്ചുള്ള അന്വേഷണം പോലീസ് മുംബൈയിലേക്കും വ്യാപിപ്പിക്കുകയാണ്. പെൺകുട്ടികൾ സലൂണിൽ എത്തിയത് യാദൃശ്ചികമായാണോ എന്ന് പരിശോധിക്കുകയാണ് ലക്‌ഷ്യം. സി എസ് ടി യിൽ പ്രവർത്തിക്കുന്ന മലയാളികൾ നടത്തുന്ന സലൂണിന് തിരോധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കും.
അതേസമയം കുട്ടികളെ നാടുവിടുന്നതിന് മറ്റാരോ പ്രേരണ നൽകിയിട്ടുണ്ട് എന്ന് തന്നെ പോലീസ് വിശ്വസിക്കുന്നു. ഒരു മാസം മാത്രം പരിചയമുള്ള റഹീം അസ്ലാമിനൊപ്പം പെൺകുട്ടികൾ യാത്രചെയ്യാൻ തീരുമാനിക്കാൻ സാധ്യത കുറവാണ്. മുംബൈയിൽ കുട്ടികൾക്ക് സഹായം ലഭിച്ചിട്ടുണ്ടാകാം. കുട്ടികൾക്ക് പണം കിട്ടിയതെങ്ങനെ എന്ന വിഷയത്തിലും അന്വേഷണം നടക്കും.
വിഷയത്തെ കുറിച്ച് കാര്യക്ഷമമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ സ്കൂൾ അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും സ്കൂൾ അധികൃതർ കത്ത് നൽകിയിട്ടുണ്ട്.

