Saturday, December 13, 2025

ആ i 20 കാർ അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് കാമ്പസില്‍ കിടന്നത് 12 ദിവസം ! സഹായികൾ പിടിയിലായതോടെ പരിഭ്രാന്തനായ ഉമര്‍ നബി കാറുമായി പുറത്തിറങ്ങി ; പിന്നാലെ സ്ഫോടനം

ദില്ലി സ്‌ഫോടനത്തിന് ഭീകരർ ഉപയോഗിച്ച വെള്ള ഹ്യൂണ്ടായ് ഐ20 കാര്‍, 12 ദിവസത്തോളം ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തിരുന്നുവെന്ന് റിപ്പോർട്ട്. സ്ഫോടനം നടന്ന തിങ്കളാഴ്ചയാണ് ഡോ. ഉമര്‍ നബി ഈ കാർ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന്പുറത്തേക്ക് ഓടിച്ചുപോയത്. വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലിന്റെ സ്വിഫ്റ്റ് ഡിസയര്‍ കാറിനടുത്തായാണ് ഈ കാറും പാര്‍ക്ക് ചെയ്തിരുന്നത്.

ഉമര്‍ നബി കഴിഞ്ഞമാസം 29-നാണ് ഫരീദാബാദിലെ കാര്‍ ഡീലറായ സോനുവില്‍ നിന്നാണ് കാര്‍ വാങ്ങിയത്. അതേ ദിവസം തന്നെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിനായി കാര്‍ കൊണ്ടുപോയിരുന്നു. അവിടെ നിന്നാണ് പിന്നീട് അല്‍ ഫലാഹ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നത്. തുടർന്ന് സ്ഫോടനം നടന്ന ഇക്കഴിഞ്ഞ തിങ്കളാഴ്ച വരെയും കാർ ഇവിടെയാണ് തുടർന്നത്. തന്റെ അടുത്ത സഹായികളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍ എന്നിവരുടെ അറസ്റ്റിനെ തുടര്‍ന്ന് നബി പരിഭ്രാന്തനായതോടെയാണ് കാര്‍ അവിടെനിന്ന് മാറ്റിയതെന്നാണ് കരുതുന്നത്. പിന്നീട്, ചാന്ദ്നി ചൗക്കിലെ സുനേരി മസ്ജിദ് പാര്‍ക്കിംഗ് ലോട്ടില്‍ നിര്‍ത്തുന്നതിന് മുന്‍പായി വാഹനം കൊണാട്ട് പ്ലേസിലും മയൂര്‍ വിഹാറിലും കണ്ടിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം 6:52-ഓടെ ഓള്‍ഡ് ദില്ലി മേഖലയില്‍, ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമുള്ള ട്രാഫിക് സിഗ്നലില്‍വെച്ച് പതുക്കെ നീങ്ങവെയാണ് ഒരു കാര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും ഏകദേശം ഇരുപത്തിനാലോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Related Articles

Latest Articles