ദില്ലി : അടുത്ത ദശകങ്ങളിൽ തന്നെ ലോകത്തെ നയിക്കാൻ ഭാരതം സജ്ജമാണെന്ന് മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. അടുത്ത 40 മുതൽ 50 വർഷത്തിനുള്ളിൽ, ഭാരതത്തിന്റെ പ്രധാനമന്ത്രി – ആരായിരുന്നാലും ‘ഈ ലോകത്തിന്റെ നേതാവായി മാറുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
എൻഡിടിവി വേൾഡ് സമ്മിറ്റ് 2025-ൽ സംസാരിക്കുകയായിരുന്നു ടോണി ആബട്ട്. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റേതാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഏഷ്യാ-പസഫിക് മേഖലയിൽ ചൈനയ്ക്ക് “ജനാധിപത്യപരമായ പ്രതിരോധമായി ഭാരതം തങ്ങളുടെ സ്ഥാനം ഉറപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ആഗോള ക്രമത്തിൽ ഭാരതം ഒരു നിർണായക ശക്തിയായി ഉയർന്നുവന്നതായി ആബട്ട് ചൂണ്ടിക്കാട്ടി. വർദ്ധിച്ചുവരുന്ന ജനസംഖ്യ, അതിവേഗം നടക്കുന്ന അടിസ്ഥാന സൗകര്യ വികസനം, തന്ത്രപരമായ പ്രാധാന്യം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.
“ഭാരതം ചൈനയ്ക്ക് ഒരു പ്രതിരോധമാണ്. നിലവിൽ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണിത്. നിങ്ങൾ ഏത് ഇന്ത്യൻ നഗരത്തിൽ പോയാലും വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് കാണാൻ കഴിയുക, പുതിയ വിമാനത്താവളങ്ങൾ ഉൾപ്പെടെ. ഭാരതം വളരുകയാണ്, ചൈനയ്ക്ക് ഒരു പകരക്കാരനാകാൻ ഭാരതത്തിന് കഴിയും,” അദ്ദേഹം -പറഞ്ഞു.
ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥ, നിയമവാഴ്ച, കൂടാതെ ഇംഗ്ലീഷ് സംസാരിക്കുന്നതിലുള്ള മേന്മ എന്നിവ ചൈനയെക്കാൾ ശക്തമായ ദീർഘകാല നിലയിൽ ഭാരതത്തെ എത്തിക്കുമെന്നും ആബട്ട് കൂട്ടിച്ചേർത്തു. “പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഞാൻ പറയാറുണ്ടായിരുന്നു, ഭാരതം ഒരു ജനാധിപത്യ മഹാശക്തിയായി ഉയർന്നുവരുമെന്ന്. ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു. അടുത്ത 40-50 വർഷത്തിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രി സ്വതന്ത്ര ലോകത്തിന്റെ നേതാവാകാൻ സാധ്യതയുണ്ട്,” ആബട്ട് ആവർത്തിച്ചു.
2022-ൽ ഓസ്‌ട്രേലിയയുമായി ഇന്ത്യ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ, കഴിഞ്ഞ മാസം ബ്രിട്ടനുമായി ഉണ്ടാക്കിയ സമാനമായ കരാർ എന്നിവയെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ജനാധിപത്യ ലോകം ചൈനയിൽ നിന്ന് മാറിക്കൊണ്ടിരിക്കുന്നു” എന്നതിന്റെ സൂചനകളാണിതെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ “ആധിപത്യ ലക്ഷ്യങ്ങൾക്കെതിരെ” ആബട്ട് മുന്നറിയിപ്പ് നൽകി. ലോകത്ത് ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ ഉദ്ദേശ്യം പ്രാദേശിക സ്ഥിരതയ്ക്ക്, പ്രത്യേകിച്ച് തായ്‌വാനുമായി ബന്ധപ്പെട്ട് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള സുരക്ഷയെക്കുറിച്ച് സംസാരിച്ച ആബട്ട്, യുക്രെയ്ൻ നാറ്റോയിൽ അംഗമായിരുന്നെങ്കിൽ യുദ്ധം ഉണ്ടാകില്ലായിരുന്നു എന്നും അഭിപ്രായപ്പെട്ടു. കൂടാതെ, റഷ്യൻ എണ്ണ ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇന്ത്യയോട് “തെറ്റായ നീക്കം” നടത്തിയെന്നും, ഇന്ത്യയുടെ വളരുന്ന തന്ത്രപരമായ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഇത് ഒരു തെറ്റായിരുന്നു എന്നും ടോണി ആബട്ട് പറഞ്ഞു.

