സോവിയറ്റ് യൂണിയന്‍ രണ്ടാം ലോകമഹായുദ്ധം ജയിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് റഷ്യന്‍ഹൗസിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പബേദ ഫെസ്റ്റിവലിന് തുടക്കമായി. മന്ത്രി ജി.ആര്‍.അനില്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കർമ്മം നിർവഹിച്ചു.
യൂറോപ്പില്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത് മേയ് എട്ടിന് സോവിയറ്റ് യൂണിയന്‍ ജര്‍മ്മനിക്ക് മേല്‍ നേടിയ വിജയത്തെ തുടര്‍ന്നാണെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. അന്ന് സമാധാനം പുലരാനായി രണ്ട് ലക്ഷത്തി എണ്‍പതിനായിരം സോവിയറ്റുകാര്‍ക്ക് പ്രത്യേകിച്ച് റഷ്യക്കാര്‍ക്ക് തങ്ങളുടെ ജീവന്‍ നല്‍കേണ്ടി വന്നതായും വിജയം മറുഭാഗത്തായിരുന്നുവെങ്കില്‍ ലോകത്തിന്‍റെ ഭാവി തന്നെ മറ്റൊന്നായിരുന്നുവെന്ന് ജി.ആര്‍.അനില്‍ കൂട്ടിച്ചേർത്തു.
ചെന്നൈയിലെ റഷ്യയുടെ കോണ്‍സുല്‍ ജനറല്‍ വലേരി ഖോജായേവ് (Valeri Khodgazev) മുഖ്യപ്രഭാഷണം നടത്തി. രണ്ടാംലോകമഹായുദ്ധ വിജയത്തിന്‍റെ 80-ാം വാര്‍ഷികം റഷ്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ ആഘോഷിക്കപ്പെടുന്നത് അതിന്‍റെ ചരിത്രപരമായ പ്രാധാന്യത്താലാണെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.
റഷ്യയുടെ ഓണററി കോണ്‍സുലും, റഷ്യന്‍ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായര്‍ അദ്ധ്യക്ഷം വഹിച്ചു. ക്യാപ്റ്റന്‍ പുന്നൂസ്, വൈസ് എയര്‍മാഷല്‍ റ്റി.പി.മധുസൂദനന്‍, പ്രൊഫ.എന്‍.ഗോപകുമാരന്‍ നായര്‍ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.
മോസ്കോ ചെയ്ക്കോവസ്കി കണ്‍സര്‍വേറ്ററിയുടെ ഓപ്പറ സംഗീതവുമുണ്ടായിരുന്നു. ഫൗണ്ടേഷന്‍ റൂസ്കിമിര്‍ (Russkiy mir), ഇന്ത്യയിലെ റഷ്യന്‍ എംബസി, റഷ്യന്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റി, റോസ് ആറ്റം (Rosatom) തുടങ്ങിയ സംഘടനകള്‍ സഹകരിച്ച് നടത്തുന്ന പബേദ ഫെസ്റ്റിവല്‍ മേയ് 8 ന് അവസാനിക്കും.

