മാവേലിക്കര: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. മണവാളൻ സജി എന്ന് വിളിപ്പേരുള്ള പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കൽ സജികുമാർ (47) ആണ് അറസ്റ്റിലായത്. മാട്രിമോണിയല്‍ സൈറ്റിലെ പരസ്യം കണ്ടാണ് സജി മാവേലിക്കര സ്വദേശിനിയെ ബന്ധപ്പെടുന്നത്. ഉയർന്ന ജോലിയിണ്ടെന്നും നല്ല സാമ്പത്തിക നിലയിലാണെന്നുമാണ് സജി യുവതിയോട് പറഞ്ഞത്. നിരന്തരം ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടിരുന്ന സജി ഒരു ദിവസം തന്റെ ആഡംബര കാർ അപകടത്തിൽ പെട്ടെന്നും നന്നാക്കാനായി രണ്ടര ലക്ഷം രൂപ ആവശ്യമാണെന്നും യുവതിയോട് അറിയിച്ചു. ഉടനെ തിരികെ തരാമെന്ന് പറഞ്ഞതോടെ മാവേലിക്കര സ്വദേശിനി സജിയ്ക്ക് പണം അയച്ചു കൊടുത്തു.
എന്നാല്‍, പണം ലഭിച്ചതിന് പിന്നാലെ സജി യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഫോണ്‍വിളിയും മെസേജുകളും നിലച്ചതോടെയാണ് യുവതി പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഓൺലൈനിൽ മാത്രം വിളിച്ചിരുന്ന പ്രതിയെ യുവതി നേരിൽ കണ്ടിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സജിയെ കിട്ടാതായതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ സൗഹൃദം സ്ഥാപിച്ച സമയത്തു സജി തനിക്ക് അയച്ച് നല്‍കിയ സെല്‍ഫി യുവതി പൊലീസിന് കൈമാറി.
ഈ സെല്‍ഫിയില്‍ പ്രതി ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ രേഖപ്പെടുത്തിയ ഹോട്ടലിന്റെ പേരാണ് പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്. ടീ ഷര്‍ട്ടിലെ പേരിലുള്ള ഹോട്ടൽ കണ്ടെത്തി പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സജി നാട്ടകം സ്വദേശിനിയായ യുവതിക്കൊപ്പം കോട്ടയത്ത് താമസിക്കുകയാണെന്നു കണ്ടെത്തി. ഇവിടെയെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

