ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിൻ്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ പുത്രകാമേഷ്ടി നടത്തും. രാമായണകഥകളില്‍ വിവരിക്കുന്ന ഈ പ്രാചീന യജ്ഞത്തിന്റെ ഡോക്യുമെന്റേഷനും ഫൗണ്ടേഷന്റെ ലക്ഷ്യമാണ്.

കര്‍ണാടകയിലെ സംസ്‌കൃതഗ്രാമമായ മത്തൂരില്‍നിന്നുള്ള ശ്രൗതപണ്ഡിതന്‍ കേശവ അവധാനിയും സംഘവുമാണ് ഈ യജ്ഞത്തിന് കാര്‍മികത്വം വഹിക്കുന്നത്. പുത്രകാമേഷ്ടിയില്‍ ഏവര്‍ക്കും സൗജന്യമായി പങ്കെടുക്കുന്നതിനുള്ള സൗകര്യം ഫൗണ്ടേഷന്‍ ഒരുക്കിയിട്ടുണ്ട്.

വേദസപ്താഹത്തിന്റെ ഭാഗമായി നടക്കുന്ന മുറജപത്തില്‍ ഇന്ന് കൃഷ്ണയജുര്‍വേദത്തിലെ അഞ്ചാം കാണ്ഡത്തിലെ മഹാഗ്‌നിചയന വിനിയോഗമന്ത്രങ്ങളുടെ പാരായണം നടന്നു. മുറജപത്തോടൊപ്പം അശ്വമേധയജ്ഞത്തിന്റെ ഭാഗമായ സര്‍വപൃഷ്ഠാ ഇഷ്ടിയും നടന്നു. ഉച്ചയ്ക്ക് നടന്ന ജ്ഞാനയജ്ഞത്തില്‍ ആത്മസംതൃപ്തിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിലൂടെ കൈവരുന്ന സമൃദ്ധിയെക്കുറിച്ചും ആചാര്യശ്രീ രാജേഷ് സംസാരിച്ചു. സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഏവരും ലോകത്തെ കാണുന്നതും പിന്തുടരുന്നതും, അതില്‍നിന്നും വ്യത്യസ്തമായി ആത്മജ്യോതിയെ തിരിച്ചറിഞ്ഞ് ജീവിക്കുന്നവര്‍ക്കാണ് അനശ്വരമായ സമൃദ്ധിയെ അനുഭവിക്കാന്‍ സാധിക്കുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേദസപ്താഹത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍വൈശ്വര്യ ഹോമത്തില്‍ സ്വയം ഹോമാഹുതി സമര്‍പ്പിക്കാനും യജ്ഞപ്രസാദമായ, അതിവിശിഷ്ടമായ മുറജപ ഘൃതം സ്വീകരിക്കാനുമുള്ള സൗകര്യവുമുണ്ടായിരിക്കും. കക്കോടി ഒറ്റത്തെങ്ങിലുള്ള വേദമഹാമന്ദിരത്തിലാണ് വേദസപ്താഹം നടക്കുന്നത്.


