Sunday, December 21, 2025

പരാജയത്തിൽ സമനില കൈവിട്ട് ബാംഗ്ലൂർ ആരാധകർ !ഗില്ലിന്റെ സഹോദരിക്ക് നേരെയും സൈബർ അറ്റാക്ക്

ബെംഗളൂരു : ബാംഗ്ലൂരിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഗുജറാത്തിനെ വിജയത്തിനുശേഷം സമൂഹ മാദ്ധ്യമങ്ങളിൽ ശുഭ്മാൻ ഗില്ലിനു വൻ അധിഷേപം. ഗുജറാത്തിനെതിരായ തോൽവിയോടെ ബാംഗ്ലൂർ പ്ലേ ഓഫ് കാണാതെ പുറത്തായതിനെത്തുടർന്നാണ് ബാംഗ്ലൂർ ആരാധകർ സൈബർ അറ്റാക്കിന് മുതിർന്നത്. ഗില്ലിന്റെ സഹോദരി ഷഹനീൽ ഗില്ലിനു നേരെയും സൈബർ ആക്രമണമുണ്ടായി. മത്സരത്തിൽനിന്നുള്ള ചിത്രങ്ങൾ ഷഹനീൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനു കമന്റായാണ് ഗില്ലിനും ഷഹനീലിനുമെതിരെ അധിക്ഷേപങ്ങൾ നിറഞ്ഞത്. കായികമത്സരങ്ങളിൽ ജയവും തോൽവിയും പതിവാണെന്നും ആർസിബി ആരാധകർ മര്യാദ കാണിക്കണമെന്നുമാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം.

മത്സരത്തിൽ തുടർച്ചയായ രണ്ടാം ഐപിഎൽ സെഞ്ചുറിയിലൂടെ വിരാട് കോഹ്ലി ബാംഗ്ലൂരിന് വമ്പൻ സ്‌കോർ സമ്മാനിച്ചെങ്കിലും ഗില്ലിന്റെ അതിവേഗ സെഞ്ചുറിയുടെ പിൻബലത്തിൽ ആറു വിക്കറ്റിന്റെ മിന്നും ജയം ഗുജറാത്ത് നേടിയെടുക്കുകയായിരുന്നു.

ചേസിങ്ങിന്റെ തുടക്കത്തിൽ വൃദ്ധിമാൻ സാഹയെ (12) നഷ്ടമായെങ്കിലും വിജയ് ശങ്കറുമൊത്തുള്ള (35 പന്തിൽ 53) 123 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഗിൽ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു. 15–ാം ഓവറിൽ ശങ്കറിനെയും പിന്നീട് ക്രീസിലെത്തിയ ദാസുൻ ശനക (0) ഡേവിഡ് മില്ലർ (6) എന്നിവരെയും അടുപ്പിച്ച് നഷ്ടമായെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ച ഗിൽ 5 പന്തുകൾ ബാക്കിനിൽക്കെ ഗുജറാത്തിനെ വിജയ തീരത്തെത്തിച്ചു.

സ്‌കോർ; ബാംഗ്ലൂർ 197 / 5 (20), ഗുജറാത്ത് 198 / 4 (19.1)

Related Articles

Latest Articles