അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബിൽ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു. പാര്‍ലമെന്റിന്റെ അടുത്തസമ്മേനളനത്തില്‍ ജെപിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ ചേര്‍ന്നതാണ് സംയുക്ത പാര്‍ലമെന്ററി സമിതി. എന്നാല്‍, ജെപിസിയുടെ നിര്‍ദേശങ്ങള്‍ക്ക് ഉപദേശക സ്വഭാവമായതിനാലും അവ സര്‍ക്കാര്‍ പാലിക്കണമെന്ന നിബന്ധനയില്ല എന്നതും ബില്ലിന്റെ ഭാവിയെ നിശ്ചയിക്കും.
ഭരണഘടനാ (130 ഭേദഗതി) ബില്‍, ഗവണ്‍മെന്റ് ഓഫ് യൂണിയന്‍ ടെറിട്ടറീസ് (അമെന്‍ഡ്‌മെന്റ്) ബില്‍ 2025, ജമ്മു കശ്മീര്‍ പുനഃസംഘടനാ (ഭേദഗതി) ബില്‍ 2025 എന്നിവ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബിൽ അവതരിപ്പിക്കുന്നതിനിടെ സഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചത് സഭയെ ബഹളമയമാക്കി. തൃണമൂൽ അംഗങ്ങൾ ബിൽ കീറിയെറിഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ 5 മണി വരെ നിര്‍ത്തിവെച്ചു. അമിത് ഷായ്ക്ക് നേരെ ബില്ലെറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
ഇതിനിടെ അമിത് ഷാ മുൻപ് അറസ്റ്റിലായിട്ടുണ്ടെന്നും രാജിവയ്ക്കുമോയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. കേസെടുത്തപ്പോൾ രാജിവച്ചെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി. തന്നെ കുറ്റവിമുക്തനാക്കും വരെ ഒരു പദവിയും ഏറ്റെടുത്തില്ലെന്നും അമിത് ഷാ മറുപടി നൽകി.

