കോട്ടയം : ഏറ്റുമാനൂരിൽ നിന്നു കാണാതായ കോളജ് വിദ്യാർത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകനും പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർത്ഥിയുമായ സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് കാണാതായി മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. പേരൂരിൽ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സുഹൈലിനെ കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്ലാസ് കഴിഞ്ഞ് ഏറ്റുമാനൂരിൽ ഇറങ്ങേണ്ട സുഹൈൽ, കോളജ് ബസ്സിൽ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് സുഹൈലിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. സുഹൈൽ പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം

