ബെംഗളൂരുവില്‍ പത്തുവയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു നഗരത്തിൽ നിന്ന് 29 കിലോമീറ്റർ അകലെയുള്ള ചന്ദപുര റെയില്‍വേ പാലത്തിനടുത്തുള്ള ട്രാക്കിന്റെ പരിസരത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെട്ടി കണ്ടെത്തിയത്. മറ്റെവിടെയോവെച്ച് കൊല നടത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി, ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു പുറത്തേക്ക് എറിഞ്ഞതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വഴിയാത്രക്കാരനാണ് റെയിൽവേ പാളത്തിൽ പെട്ടികിടക്കുന്നത് കണ്ടത്. ഇയാള്‍ ഉടന്‍തന്നെ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. സൂര്യനഗര്‍ പോലീസ് സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തിവരികയാണ്. ഇത്തരം കേസുകള്‍ റെയില്‍വേ പോലീസാണ് അന്വേഷിക്കാറുള്ളതെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും ബെംഗളൂരു റൂറല്‍ എസ്പി സി.കെ. ബാബ പറഞ്ഞു. ബയ്യപ്പനഹള്ളി റെയില്‍വേ പോലീസിനായിരിക്കും അന്വേഷണം ചുമതല എന്നാണ് വിവരം.

