പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ മൃതദേഹം സംസ്കരിച്ചു. വഴിക്കടവ് പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ഇന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ശേഷം അനന്തു പഠിച്ചിരുന്ന മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്‍ഡറി സ്കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുപോയത്. സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വഴിക്കടവ് വള്ളക്കൊടിയിലാണ് ഇന്നലെ ദാരുണമായ അപകടം ഉണ്ടായത്. വീട്ടിൽ നിന്ന് ഫുട്ബോൾ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികൾക്കൊപ്പം മീൻപിടിക്കാൻ പോയതായിരുന്നു. നായാട്ടുകാർ പന്നിയെ പിടിക്കാനായി വടിയിൽ ഇരുമ്പ് കമ്പി കെട്ടി കെഎസ്ഇബി ലൈനിലൂടെ വലിച്ച് താഴെയിട്ടിരുന്നത് ഇവർ കണ്ടില്ല. ഷോക്കടിച്ച് മൂന്ന് പേരിൽ രണ്ട് പേർ ചികിത്സയിലാണ്.

