നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴര വര്‍ഷത്തെ വിചാരണത്തടവിന് ശേഷം പുറത്തിറങ്ങി. എറണാകുളം സബ്ജയിലില്‍ നാലേകാലോടെ കോടതി ഉത്തരവുമായെത്തിയാണ് ബന്ധുക്കള്‍ പള്‍സര്‍ സുനിയെ കൊണ്ടുപോയത്.
കർശന ഉപാധികളോടെയാണ് സുനിക്ക് കൊച്ചിയിലെ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പൾസർ സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
ഏഴരവര്‍ഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തിറങ്ങുന്നത്. പ്രതിയുടെ സുരക്ഷ റൂറൽ പോലീസ് ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കടുത്ത ജാമ്യവ്യവസ്ഥ വേണമെന്ന ആവശ്യം സംസ്ഥാന സർക്കാരിന് വിചാരണക്കോടതിക്ക് മുമ്പിൽ ഉന്നയിക്കാമെന്നും നേരത്തെ സുപ്രീം കോടതി അറിയിച്ചിരുന്നു.
അനുവാദമില്ലാതെ എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം. സാക്ഷികളുമായോ മറ്റു പ്രതികളുമായോ സംസാരിക്കരുത്, ഒരു ലക്ഷം രൂപ കെട്ടിവെക്കണം, രണ്ട് ആൾജാമ്യം തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.

