ഉത്തർപ്രദേശിലെ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ ആക്രമണംനടത്തിയ കേസിലെ പ്രതികളിലൊരാൾ പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ബഹ്‌റൈച്ച് അക്രമക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സർഫറാസ് ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. നേപ്പാൾ അതിർത്തി വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ പോലീസ് എൻകൗണ്ടറിൽ സർഫറാസ് കൊല്ലപ്പെട്ടത്.
ബഹ്‌റൈച്ചിൽ ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി അബ്ദുൾ ഹമീദിൻ്റെ രണ്ടാമത്തെ മകനാണ് സർഫറാസ്. ഘോഷയാത്രയിൽ പങ്കെടുത്തിരുന്ന രാം ഗോപാൽ മിശ്രയ്ക്ക് നേരെ നിറയൊഴിച്ചത് ഇയാളായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സർഫറാസ് കൂട്ടുപ്രതിയായ താലിബുമൊത്ത് അതിർത്തി വഴി നേപ്പാളിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടത്.
കഴിഞ്ഞദിവസം സർഫറാസ് നവരാത്രി ഘോഷയാത്രയ്ക്ക് നേരെ വെടിയുതിർക്കുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഇരുപ്രതികളും നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയത്. എന്നാൽ, കോട്വാലി നൻപാറ മേഖലയിലെ ഹന്ദ ബസേഹാരി കനാലിന് സമീപം വെച്ച് ഇരുവരെയും പോലീസ് വളയുകയും ഏറ്റുമുട്ടൽ ഉണ്ടാവുകയും ആയിരുന്നു.

