ദില്ലി: മലബാർ കലാപവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും നീക്കിയതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി വീണ്ടും കേന്ദ്ര സർക്കാർ. മുഗളന്മാരെ മഹത്വവത്കരിക്കുന്ന ഭാഗങ്ങൾ കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യാൻ സാംസ്കാരിക വകുപ്പ് നിർദേശം നൽകി. ഇന്ത്യയിലെ തദ്ദേശീയരായിരുന്ന ഹിന്ദുക്കൾക്ക് വലിയ തോതിൽ വിനാശം വരുത്തുകയും ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്ത മുഗൾ രാജാക്കന്മാരെ അതിരു കവിഞ്ഞ് മഹത്വവത്കരിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിർദേശം.

‘മധ്യകാല ഇന്ത്യ’ എന്ന ഭാഗത്തെ ഒരു പേജ് മുഴുവൻ മുഗൾ വംശ ചരിത്രമായിരുന്നു. ഭാരതത്തിലെ എക്കാലത്തെയും ശക്തമായ സാമ്രാജ്യം എന്നാണ് ഇതിൽ മുഗൾ വംശത്തെ വിശേഷിപ്പിച്ചിരുന്നത്. സംഭവങ്ങളെ വസ്തുതാപരമായി അവതരിപ്പിക്കാൻ സാംസ്കാരിക മന്ത്രാലയം ചരിത്രകാരന്മാരുമായി സമ്പർക്കത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

എന്തായാലും കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് മുഗൾ രാജാക്കന്മാരെ മഹാന്മാരായി ചിത്രീകരിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. നിലവിൽ മുഗൾ വംശത്തിന്റെ ഒരു ചെറിയ വിവരണം മാത്രമാണ് സൈറ്റിലുള്ളത്. ജഹാംഗീറിനെ സഹിഷ്ണുതാവാദിയായും ഔറംഗസേബിനെ മതേതരവാദിയായും ചിത്രീകരിക്കുന്ന ഭാഗങ്ങളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു എന്നാണ് ലഭിക്കുന്ന വിവരം.
മാത്രമല്ല തദ്ദേശീയ രാജവംശങ്ങളായ പാല, പ്രതിഹാര, രാഷ്ട്രകൂട, സേന രാജവംശങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റ് അവഗണിച്ചിരുന്ന കലിംഗ, ഗജപതി, മറാത്താ സാമ്രാജ്യങ്ങളെ കുറിച്ചുള്ള കൂടുതൽ ഭാഗങ്ങളും വെബ്സൈറ്റിൽ ഉൾപ്പെടുത്തുമെന്നും സാംസ്‌കാരിക വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

