ലണ്ടൻ: എലിസബത്ത് രാജ്ഞിയ്‌ക്ക് ആദരവായി മുഖസാദൃശ്യമുളള പാവ പുറത്തിറക്കി പ്രമുഖ കളിപ്പാട്ട നിർമ്മാണ കമ്പനിയായ മാറ്റൽ. ഭരണത്തിലേറിയതിന്റെ 70ആം വർഷം ആഘോഷിക്കുന്ന വേളയിലാണ് ബ്രിട്ടീഷ് രാജ്ഞിയ്‌ക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് നൽകി പ്രമുഖ കളിപ്പാട്ട നിർമ്മാണ കമ്പനിയായ മാറ്റൽ രംഗത്ത് വന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ രൂപസാദൃശ്യമുള്ള ബാർബി ഡോളാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. മിനിയേച്ചർ മെഡലുകളും റിബ്ബണുകളും കൊണ്ട് അലങ്കരിച്ച വെളുത്ത ഗൗൺ ധരിച്ച പാവയ്‌ക്ക് വിവാഹദിനത്തിൽ എലിസബത്ത് ധരിച്ചിരുന്ന കിരീടവും ഉണ്ട്.
ജൂൺ ആദ്യം നടക്കുന്ന ഔദ്യോഗിക പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ലണ്ടൻ സ്റ്റോറുകളായ ഹാരോഡ്‌സ്, സെൽഫ്രിഡ്ജസ്, ഹാംലിസ് എന്നിവിടങ്ങളിൽ പാവകൾ വിൽക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.അതേസമയം ഇന്ന് 96ാം പിറന്നാൾ ആഘോഷിക്കുന്ന എലിസബത്ത് രാജ്ഞി 1952 ഫെബ്രുവരി 6ന് പിതാവ് ജോർജ് ആറാമന്റെ മരണത്തോടെയാണ് അധികാരത്തിലേക്കെത്തിയത്. പിന്നീട് ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ രാജ്യം ഭരിച്ച ഭരണാധികാരി എന്ന ബഹുമതി എലിസബത്ത് രാജ്ഞി നേടി. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ 14 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്

