Monday, December 15, 2025

2005 മുതൽ ആരംഭിച്ച ഗൂഡാലോചനയുടെ ചുരുളുകൾ ഓരോന്നായി അഴിയും !!! തഹാവൂര്‍ ഹുസൈന്‍ റാണയെ ദിവസവും എട്ട് മുതല്‍ പത്ത് മണിക്കൂറുവരെ ചോദ്യം ചെയ്യുന്നുണ്ടെന്ന് എൻഐഎ

ദില്ലി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂര്‍ ഹുസൈന്‍ റാണയെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ദിവസവും എട്ട് മുതല്‍ പത്ത് മണിക്കൂറുവരെ ചോദ്യം ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തകള്‍ അറിയിച്ചു. 2005 മുതൽ ആരംഭിച്ച ഗൂഡാലോചനയുടെ ചുരുൾ അഴിക്കുക എന്നതാണ് ലക്ഷ്യം.
തഹാവൂര്‍ റാണയ്ക്ക് സെല്ലില്‍ പ്രത്യേക പരിഗണനകളും നല്‍കാറില്ലെന്നും ആയാള്‍ ആവശ്യപ്പെട്ടതു പ്രകാരം ഒരു ഖുറാന്‍ നല്‍കിയിട്ടുണ്ടെന്നും സെല്ലില്‍ റാണ അഞ്ചുനേരം നമസ്ക്കരിക്കാറുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖുറാന് പുറമെ പേനയും പേപ്പറുമാണ് റാണ ആവശ്യപ്പെട്ടത്. അത് നല്‍കിയിട്ടുണ്ട്. പേനയുപയോഗിച്ച് സ്വയം പരിക്കേല്‍പ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോടതിയുടെ നിര്‍ദേശ പ്രകാരം റാണയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അഭിഭാഷകനെ കാണാന്‍ സാധിക്കും. നിലവില്‍ ഓരോ 48 മണിക്കൂറിലും ഇയാളുടെ വൈദ്യപരിശോധന നടത്തുന്നുമുണ്ട്.

വിശദാംശങ്ങൾ അറിയാൻ ചോദ്യം ചെയ്യൽ തുടരുകയാണ്. റാണ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിൽ കൊണ്ടുവരും. മുംബൈ സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയിൽ വന്ന് താമസിച്ചത് എന്തിനാണെന്നാണ് എൻഐഎ പരിശോധിക്കുന്നത്.മുംബൈ ആക്രമണത്തിനും പത്ത് ദിവസം മുമ്പ് 2008 നവംബർ പതിനാറിനാണ് റാണ കൊച്ചി മറൈൻ ഡ്രൈവിലെ ഹോട്ടലിൽ മുറിയിടുത്തത്. ഭാര്യയ്ക്കൊപ്പം രണ്ട് ദിവസം താമസിച്ച് മടങ്ങി. ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലിൽ അറിയിച്ചിരുന്നത്.
റാണയ്ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.

കൊച്ചിയിൽ നിന്ന് 13 ഫോൺ നമ്പറുകളിലേക്ക് വിളിച്ചിട്ടുണ്ട്. ഈ നമ്പറുകൾ കണ്ടെത്താൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. കൊച്ചി മാത്രമല്ല ബെംഗളുരു, ആഗ്ര അടക്കമുളള മറ്റ് നഗരങ്ങളും ഇക്കാലത്ത് റാണ സന്ദർശിച്ചിരുന്നു.

Related Articles

Latest Articles