തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് അനില്‍ കുമാറിനെ ശാസ്താംകോട്ട ഡി.ബി കോളേജിലേക്കാണ് പ്രിന്‍സിപ്പലായി തിരികെ നിയമിച്ചിരിക്കുന്നത്. അനില്‍കുമാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മാറ്റമെന്നാണ് സർക്കാർ വിശദീകരണം. ഭാരതാംബ വിവാദത്തിൽ അനിൽ കുമാർ സസ്‌പെന്‍ഷനിലായിരുന്നു,
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്നാരോപിച്ച് ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി അവസാന നിമിഷം റദ്ദാക്കിയതോടെയാണ് രജിസ്ട്രാര്‍ വിവാദത്തില്‍ പെട്ടത്. റദ്ദാക്കിയെങ്കിലും നിശ്ചയിച്ച പ്രകാരം പരിപാടി നടക്കുകയും ഗവര്‍ണര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത്.
പിന്നാലെ വിഷയത്തില്‍ വി.സി മോഹന്‍ കുന്നുമ്മലിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സിന്‍ഡിക്കറ്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടിയെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍.
പിന്നീട് സിന്‍ഡിക്കറ്റ് അനിൽകുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെങ്കിലും വിസി അംഗീകരിച്ചില്ല. സിന്‍ഡിക്കറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിന് പിന്നാലെ അനില്‍ കുമാര്‍ തിരികെ സര്‍വകലാശാലയിലെത്തിയെങ്കിലും രജിസ്ട്രാര്‍ എന്ന ചുമതല വിസി മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു.

