പാങ്ങോട് സൈനിക കേന്ദ്രത്തിൽ കാർഗിൽ വിജയ് ദിവസിന്റെ 26-ാം വാർഷികം ആഘോഷിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കുകയും സൈനിക കേന്ദ്രത്തിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രം സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാദ്ധ്യായ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ, സൈനികർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ ഗവർണർ വിമുക്തഭടന്മാരുമായി സംസാരിച്ചു.
ധീര സൈനികരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് നമിച്ച് രാജ്യം ! കാർഗിലിലെ പോരാട്ട വിജയത്തിന് ഇന്ന് 26 വയസ്; പാങ്ങോട് സൈനിക കേന്ദ്രത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു ; യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ pic.twitter.com/mqN2IMJfqb
— Tatwamayi News (@TatwamayiNews) July 26, 2025
1999 ജൂലൈ 26 നായിരുന്നു ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയം കുറിച്ചത്. പാകിസ്ഥാനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോൾ നമുക്കായി വീരമൃത്യു വരിച്ചത് 527 ധീര ജവാന്മാർ ആയിരുന്നു. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധം ജൂലൈ 14 ന് വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി എബി വാജ്പേയി പ്രഖ്യാപിക്കുകയും തുടർന്ന് ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായി അദ്ദേഹം ഔദ്യോഗിക പ്രഖ്യാപിക്കുകയുമായിരുന്നു.
1999 ലെ കൊടും തണുപ്പില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി പാക് സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് പാക് സൈനികര്‍ ഭീകര വാദികളുടെ വേഷത്തിൽ കാര്‍ഗിലിലെ തന്ത്ര പ്രധാന മേഖലകളില്‍ നുഴഞ്ഞ് കയറി. ആട്ടിടയന്മാരാണ് നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രുക്കൾ കൈവശപ്പെടുത്തിയ വിവരം ഇന്ത്യന്‍ സൈന്യത്തെ അന്ന് അറിയിച്ചത്.
അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയെത്തിയ ശത്രുവിന് മറുപടി നല്‍കാന്‍ ‘ഓപ്പറേഷന്‍ വിജയ്’ എന്ന പേരിൽ സൈനിക നടപടി ആരംഭിക്കുകയായിരുന്നു ഇന്ത്യ. യുദ്ധത്തിനും സൈനിക നടപടിക്കും യോജിക്കാത്ത ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ ആയിരുന്നുവെങ്കിലും 14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിലൂടെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനെ തുരത്തിയത്.
കാര്‍ഗില്‍ യുദ്ധത്തിൽ മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ വീരമൃത്യു വരിച്ചു. കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 നെ ഇന്ത്യ വിജയ് ദിവസ് എന്ന പേരിൽ ആചരിക്കുന്നു. കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ധീരജവാൻമാർക്ക് പ്രണാമങ്ങൾ അർപ്പിച്ച് എല്ലാവർഷവും രാജ്യം ഈ ഓർമ്മ പുതുക്കാറുമുണ്ട്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ധീര സൈനികരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ ഇന്നും രാജ്യം ശിരസ് നമിക്കുകയാണ്.

