രാജ്യത്തെ നടുക്കിയ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിലെ ദുരിത ബാധിതരെ സഹായിക്കാൻ തെലുങ്ക് സിനിമാ താരം താരം അല്ലു അർജുൻ 25 ലക്ഷം രൂപ സംഭാവന നൽകിയതിന് പിന്നാലെ തെലുങ്ക് സിനിമാ ലോകത്ത് നിന്ന് വീണ്ടും സഹായം. തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയും മകനും നടനുമായ രാം ചരണും ചേർന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സമൂഹ മാദ്ധ്യമമായ എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രകൃതിയുടെ രോഷം മൂലം കേരളത്തിൽ നഷ്‌ടമായതും നൂറുകണക്കിന് വിലയേറിയ ജീവനുകൾ നഷ്‌ടപ്പെട്ടതിലും അഗാധമായ വിഷമമുണ്ട്. വയനാട് ദുരന്തത്തിൻ്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വിതുമ്പുന്നു. ഞാനും ചരണും ചേർന്ന് ദുരിതബാധിതർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ പ്രതീകമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു.” – ചിരഞ്ജീവി എക്സിൽ കുറിച്ചു.
അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി. 1,300 ഓളം രക്ഷാപ്രവർത്തകർ ദുരന്തത്തിന്റെ ആറാം ദിനത്തിലും ദുരന്തഭൂമിയിൽ തെരച്ചിൽ നടത്തുകയാണ്.

