പേട്ടയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഗംഗേശാനന്ദക്കെതിരായ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. പൂജയ്ക്കെത്തിയ വീട്ടിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന മൊഴിയിൽ പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. കുറ്റപത്രം അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ലോക്കല്‍ പൊലീസിന്റെ സീന്‍ മഹസറടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതി ചൂണ്ടികാട്ടിയ കാര്യങ്ങള്‍ പരിശോധിച്ച് തിങ്കളാഴ്ച തന്നെ കുറ്റപത്രം വീണ്ടും സമർപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
2017 മെയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗംഗേശാനന്ദ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ഇത് ചെറുക്കാൻ പെൺകുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നുമാണ് കേസിനാസ്പദമായ പരാതി. എന്നാൽ ഗംഗേശാനന്ദയ്ക്ക് അനുകൂലമായി പെൺകുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ബന്ധത്തിലാണ് ഗംഗേശാനന്ദയെ ഉപദ്രവിച്ചതെന്നാണ് പെൺകുട്ടി കോടതിയിൽ പറഞ്ഞത്. ഇതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്

