കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യം നിഷേധിച്ചതിനുപിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ. കണ്ണൂരിൽ കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. കണ്ണൂർ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗും പ്രതിഷേധ മാർച്ച് നടത്തി. നേരത്തെ തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം.
നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് കീഴടങ്ങലാണ് ഏറ്റവും നല്ല മാർഗമെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിലുണ്ട്. മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ പോയാൽ, അവിടെനിന്നും വിമർശനമേറ്റാൽ അതുണ്ടാക്കുന്ന പ്രതിച്ഛായാ നഷ്ടം ചെറുതല്ലെന്ന ബോധ്യവും സിപിഎമ്മിനുണ്ട്. അതിനാൽ കീഴടങ്ങാൻ പി പി ദിവ്യയ്ക്ക് പാർട്ടി നിർദ്ദേശം ലഭിച്ചതായും റിപ്പോർട്ടുണ്ട്.
ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനു മുന്‍പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലോ ദിവ്യ കീഴടങ്ങാനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

