ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ആയിരം വർഷങ്ങൾക്കു മുമ്പ് ദിവ്യ പ്രതിഷ്ഠയായുണ്ടായിരുന്ന ജ്യോതിർലിംഗ ദർശനം തൃശൂർ വടക്കുംനാഥ ക്ഷേത്രമൈതാനത്ത് നടന്നു. ആർട്ട് ഓഫ് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ ആണ് ദർശനം സംഘടിപ്പിച്ചത്.

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ നിർദ്ദേശ പ്രകാരം ഭാരതത്തിലെ മുഴുവൻ ഭക്തന്മാർക്കും ഇത് കാണുന്നതിനുള്ള ഭാഗ്യം ഉണ്ടാകണം എന്നതിന്റെ ഭാഗമായാണ് കാലടിയിലും തൃശ്ശൂരിലും ഇത് സംഘടിപ്പിച്ചത്. ആയിരം വർഷങ്ങൾക്കുമ്പ് മുഹമ്മദ് ഗസ്നി ആക്രമിച്ച സോമനാഥ ക്ഷേത്രത്തിൽ നിന്നും, ശിവലിംഗ പ്രതിഷ്ഠയുടെ ഭാഗമായിട്ടുള്ള ദിവ്യമായ ‘ജ്യോതിർലിംഗം’ എടുത്ത് അന്നത്തെ ആചാര്യന്മാർ ആരുമറിയാതെ രഹസ്യമായി സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. തലമുറകൾ കൈമാറി വിശുദ്ധമായ ആ ‘ജ്യോതിർലിംഗം’ ഇന്ന് ലോകാരാധ്യനായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിയിൽ എത്തിച്ചേരുകയായിരുന്നു.

ആർട്ട് ഓഫ് ലിവിങ് അന്താരാഷ്ട്ര ഡയറക്ടർ സ്വാമി സദ്യോജാതയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിനൊപ്പം രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.ചടങ്ങ് മഹാരുദ്രാഭിഷേകത്തോടെ സമാപിച്ചു.

