Sunday, December 14, 2025

വല്ലപ്പുഴയിലെ 15കാരിയുടെ തിരോധാനം! പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു കരുതുന്ന യുവാവിന്റെ രേഖാചിത്രം പുറത്ത്

വല്ലപ്പുഴയിൽ കാണാതായ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു കരുതുന്ന യുവാവിന്റെ രേഖാചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെ മകൾ 15കാരി ഷഹന ഷെറിനെയാണ് ആറ് ദിവസങ്ങൾക്ക് മുമ്പ് കാണാതായത്. ട്രെയിനിലെ സഹ യാത്രക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നു പരശുറാം എക്സ്പ്രസിൽ ഷഹന ഷെറിൻ യാത്ര ചെയ്തതായി സംശയമുണ്ടായിരുന്നു. നിലവിൽ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാർ, സിഐമാർ, എസ്ഐമാർ അടങ്ങുന്ന 36 അം​ഗ സംഘം അഞ്ച് ടീമുകളായാണ് പെൺകുട്ടിക്കായി അന്വേഷണം നടത്തുന്നത്.

ഡിസംബർ 30നു രാവിലെ മുതലാണ് ഷഹനയെ കാണാതായത്. വീട്ടിൽ നിന്നു ട്യൂഷനു പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധു വീട്ടിലേക്കെന്ന വ്യാജേന പോവുകയായിരുന്നു. കൂട്ടുകാരികളുടെ മുന്നിൽ നിന്നു തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ഹിജാബ് ധരിച്ചാണ് പെൺകുട്ടി പോയത്.

പെൺകുട്ടി ക്ലാസിൽ ഹാജരാകാത്ത വിവരം അദ്ധ്യാപകർ അറിയിച്ചതനുസരിച്ച് മാതാപിതാക്കൾ പൊലീസിൽ അറിയിച്ചു. അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനായില്ലെങ്കിലും പെൺകുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്തിയത് സ്ഥിരീകരിച്ചിരുന്നു. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പോലീസിനു തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കൈയിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വെല്ലുവിളിയായി.

Related Articles

Latest Articles