പാരീസ് : മൂന്നാം ഒളിമ്പിക് മെഡലെന്ന സ്വപ്‌നവുമായി ഷൂട്ടിങ് റേഞ്ചിലെത്തിയ ഇന്ത്യന്‍ താരം മനു ഭാക്കറിന് നിരാശ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലിനിറങ്ങിയ മനു ഭാക്കർ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഫൈനലില്‍ സ്റ്റേജ് ഒന്നിലെ മൂന്ന് സീരീസുകള്‍ക്ക് ശേഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മനു ഒടുവില്‍ നാലാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. ഏഴാം സീരീസിനു ശേഷം നടന്ന ഷൂട്ടോഫില്‍ രണ്ട് പോയന്റ് മാത്രം നേടിയ മനുവിനെ പിന്തള്ളി ഹംഗറിയുടെ വെറോണിക്ക മേജര്‍ വെങ്കലം സ്വന്തമാക്കുകയായിരുന്നു. ദക്ഷിണ കൊറിയയുടെ ജിന്‍ യാങ്ങിനാണ് സ്വര്‍ണം. ഫ്രാന്‍സിന്റെ കാമില്‍. ജെ വെള്ളി മെഡല്‍ നേടി.
നാലാം സീരിസില്‍ മൂന്നും അഞ്ചാം സീരിസില്‍ അഞ്ചും ആറാം സീരീസിലും ഏഴാം സീരീസിലും നാലു പോയന്റ് വീതവും നേടിയ മനു മെഡല്‍ പോരാട്ടത്തില്‍ ഒരു ഘട്ടം വരെ മുന്നിലുണ്ടായിരുന്നു. നേരത്തെ 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലും 10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലും മനു വെങ്കലം നേടിയിരുന്നു. യോഗ്യതാറൗണ്ടില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തായിരുന്നു മനുവിന്റെ ഫൈനല്‍ പ്രവേശനം.

