Saturday, December 13, 2025

എട്ട് ദിവസത്തെ ദൗത്യം നീണ്ടത് 8 മാസം! സുനിത വില്യംസ് മാര്‍ച്ച് 19 ന് ഭൂമിയിലേക്ക് മടങ്ങും

കാലിഫോര്‍ണിയ: കഴിഞ്ഞ എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്‍റെ മടക്കയാത്ര സംബന്ധിച്ച് തീരുമാനമായി . മാർച്ച് 19 ന് സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ അറിയിച്ചു. ഇരുവരെയും തിരിച്ചെത്തിക്കാനുള്ള ദൗത്യമായ CREW 10 മിഷൻ മാർച്ച് 12 ന് വിക്ഷേപിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുന്ന പേടകത്തിൽ മാർച്ച് 19 ന് രണ്ട് സഞ്ചാരികളും ഭൂമിയിലേക്ക് തിരിക്കും. എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ ഇരുവരും സാങ്കേതിക പ്രശ്നത്തെ തുടർന്ന് എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. മാര്‍ച്ച് അവസാനമോ ഏപ്രിലിലോ മാത്രമായിരിക്കും ഇരുവരെയും തിരികെ കൊണ്ടുവരാനാവുക എന്നായിരുന്നു നാസ നേരത്തെ കരുതിയിരുന്നത്.

2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ബോയിംഗിന്‍റെ സ്റ്റാർലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാർലൈനറിന്‍റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവച്ചു. തുടര്‍ന്ന് സ്റ്റാര്‍ലൈനറിനെ ആളില്ലാതെ ന്യൂ മെക്സിക്കോയില്‍ 2024 സെപ്റ്റംബര്‍ 7ന് ലാന്‍ഡ് ചെയ്യിക്കുകയാണ് നാസയും ബോയിംഗും ചെയ്തത്. ഇതോടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും 250 ദിവസത്തോളം ഐഎസ്എസിൽ തുടരേണ്ടിവരികയായിരുന്നു. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് ഇതിനിടെ സുനിത വില്യംസ് സ്ഥാപിക്കുകയും ചെയ്തു.

വിൽമോറിനെയും സുനിത വില്യംസിനെയും എത്രയും വേഗം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞ മാസം സ്പേസ് എക്‌സ് സിഇഒ എലോൺ മസ്‌കിനോട് പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇരുവരുടെയും മടക്കയാത്ര സംബന്ധിച്ച് തീരുമാനമായത്.

Related Articles

Latest Articles