മാഡ്രിഡ് : സ്‌പെയിനിന്റെ സുവർണ തലമുറയിലെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളിലൊരാളും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരവുമായിരുന്ന ഡേവിഡ് സില്‍വ വിരമിക്കല്‍ പ്രഖ്യാപിച്ചു. 37 കാരനായ താരം നിരന്തരമായ പരിക്കു മൂലമാണ് കരിയറിന് കർട്ടനിട്ടത് .
സ്‌പെയിന്‍ സീനിയര്‍ ടീമില്‍ 2006-ലാണ് താരം അരങ്ങേറ്റം കുറിച്ചത്. സ്‌പെയിനായി 125 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 35 ഗോളുകള്‍ നേടി. മധ്യനിര താരമായ സില്‍വ സ്‌പെയിനിനൊപ്പം 2010 ലോകകപ്പ് കിരീടത്തിലും 2012 യൂറോ കപ്പിലും പങ്കാളിയായി.
പത്തുവര്‍ഷത്തോളം സിറ്റിയില്‍ തുടർന്ന സില്‍വ നാല് തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി. രണ്ട് എഫ്.എ കപ്പുകളിലും അഞ്ച് ലീഗ് കപ്പുകളിലും ടീമിനെ കിരീടത്തിലെത്തിച്ചു. 2010-ല്‍ സിറ്റിയിലെത്തിയ താരം 2020 വരെ 309 മത്സരങ്ങള്‍ ടീമിന്റെ ജേഴ്സിയിൽ കളിച്ചു. 60 ഗോളുകളും നേടി. 2020-ൽ റയല്‍ സോസിഡാഡിലേക്ക് ചേക്കേറിയതാരം സോസിഡാഡിനായി 74 മത്സരങ്ങള്‍ കളിക്കുകയും ആറ് ഗോളുകള്‍ നേടുകയും ചെയ്തു.
വലന്‍സിയയിലൂടെയാണ് ക്ലബ്ബ് ഫുട്‌ബോളില്‍ താരം അരങ്ങേറിയത്. 2004-ല്‍ വലന്‍സിയയ്ക്ക് വേണ്ടി പന്തുതട്ടിത്തുടങ്ങിയ സില്‍വ ടീമിനായി 119 മത്സരങ്ങള്‍ കളിച്ചു. അവിടെ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ ഐബറിലും സെല്‍റ്റയിലും കളിച്ചു. സെല്‍റ്റയില്‍ നിന്നാണ് സിറ്റിയിലെത്തുന്നത്.

