ഹൈദരാബാദ് : എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് മലേഷ്യൻ എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ക്വാലാലംപുരിലേക്ക് പറന്നുയർന്ന മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്ന് പുലർച്ചെയാണ് സംഭവം.
വിമാനത്തിൽ 130 യാത്രക്കാരുണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട് 15 മിനിറ്റിനുള്ളിൽ തന്നെ എഞ്ചിനിൽ തീപിടിക്കുകയായിരുന്നു. തീ ആളുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് വിമാന ജീവനക്കാരെ വിവരമറിയിച്ചത്. തുടർന്ന് പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്കായി ഇന്ന് രാവിലെ വിമാനക്കമ്പനി പകരം വിമാനം ഒരുക്കി നൽകി

