Saturday, December 13, 2025

വായ്ക്കരി ഇടാൻ പോലും പറ്റാത്ത തരത്തിൽ ഒരു മനുഷ്യ ശരീരത്തെ വെട്ടിയരിഞ്ഞ ഭീകരർക്ക് തൂക്ക് കയർ! പ്രോസിക്യൂട്ടർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞ് രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബം ! ദൈവത്തിന്റെ പ്രതീകമായി നീതി പീഠത്തെ കാണുന്നവർക്ക് എന്നും ഓർക്കാവുന്ന വിധി പ്രസ്താവന ! അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുപ്രധാന എടായി മാറുമ്പോൾ

ഒബിസി മോർച്ച നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളായ പതിനഞ്ചു പേർക്കും പരമാവധി ശിക്ഷ ലഭിച്ചതിൽ സംതൃപ്തരാണെന്ന് രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ. വിധി പ്രസ്താവന കേട്ട ശേഷം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.

“ഭഗവാന്റെ വേറെ വിധിയുണ്ടല്ലോ. പ്രകൃതിയുടെ നീതിയുണ്ട്. അതു പിറകെ വരും. അത്യപൂർവമായ കേസു തന്നെയാണിത്. അതുകൊണ്ടു തന്നെ കോടതി വിധിയിൽ കുടുംബം സംതൃപ്തരാണ്. സത്യസന്ധമായി അന്വേഷിച്ച് വിവരങ്ങൾ കോടതിയിലെത്തിച്ച ഡിവൈഎസ്‌പി ജയരാജ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നു.ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്. പ്രോസിക്യൂട്ടറോടും വളരെ നന്ദിയുണ്ട്. അദ്ദേഹത്തോട് നന്ദി പറഞ്ഞാൽ തീരില്ല. അതിക്രൂരമായ കൊലപാതകമാണ് നടത്തിയത്. വായ്ക്കരി ഇടാൻ പോലും പറ്റാത്ത തരത്തിലാണ് ഏട്ടനെ അവർ കാണിച്ചുവെച്ചത്. അതു കണ്ടത് ഞാനും അമ്മയും മക്കളും അനിയനുമാണ്. കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചു എന്നാണ് മനസ്സിലാക്കുന്നത്”- രഞ്ജിത്തിന്റെ ഭാര്യ പറഞ്ഞു.

കോടതി വിധിയിൽ സംതൃപ്തിയുണ്ടെന്ന് രഞ്ജിത്തിന്റെ അമ്മയും പ്രതികരിച്ചു. കോടതി ഞങ്ങളെ രക്ഷിച്ചു. വധശിക്ഷ തന്നെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു.

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച കോടതി വിധി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ലാത്തതാണ്. പോപ്പുലർ ഫ്രണ്ട്-എസ് ഡി പി ഐ പ്രവർത്തകരാണ് പ്രതികളെല്ലാം. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി ജസ്റ്റിസ് വി ജി ശ്രീദേവിയാണ് അത്യപൂർവ്വ വിധിപറഞ്ഞത്.

നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. 2021 ഡിസംബര്‍ 19-ന് പുലര്‍ച്ചെയാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. നേരത്തെ ലിസ്റ്റ് തയ്യാറാക്കി വീട്ടുകാരുടെ മുന്നിലിട്ട് എല്ലാവിധ ആസൂത്രണത്തോടും കൂടിയായിരുന്നു കൊലപാതകം. കൊലപാതകം ഭീകരപ്രവർത്തനമാണെന്ന വാദവും കോടതി അംഗീകരിക്കുകയായിരുന്നു.

ഒന്നു മുതൽ എട്ടുവരെയുള്ളവർ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തെന്നും 9 മുതൽ 12 വരെയുള്ള പ്രതികൾ സഹായം നൽകിയെന്നും മറ്റുള്ളവർ ഗൂഢാലോചനയിൽ പങ്കാളികളായെന്നും കോടതി കണ്ടെത്തി. കേസിൽ നൂറോളം സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.

Related Articles

Latest Articles