Friday, December 19, 2025

കാറ്റിലും മഴയിലും ഫാം നിലംപൊത്തി; കമ്പിയും ഷീറ്റും കുത്തിക്കയറി 15-ഓളം പശുക്കൾക്ക് പരിക്ക്;
മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരം

ആലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തകഴി പഞ്ചായത്തിലെ സുപ്രഭാലയത്തിൽ അഡ്വ. സുപ്രമോദിന്റെ പശു ഫാം നിലംപൊത്തി. ഫാമിൽ ഉണ്ടായിരുന്ന പതിനഞ്ചോളം കറവ പശുക്കൾക്ക് സാരമായി പരിക്കേറ്റു. മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരമാണ്. കൂടുതൽ പശുക്കൾക്ക് ശരീരത്തിൽ മുറിവുകളും ക്ഷതങ്ങളും സംഭവിച്ചിട്ടുള്ളതായി വെറ്ററിനറി സർജൻ അറിയിച്ചു.

1500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഷീറ്റ് മേഞ്ഞ ക്യാറ്റിൽ ഷെഡിലാണ് ഫാം പ്രവർത്തിച്ചിരുന്നത്. ചുഴറ്റി അടിച്ച കാറ്റിൽ ഫാം പൂർണ്ണമായും താഴേക്ക് വീഴുകയാണ് ഉണ്ടായത്. തത്സമയം ഫാമിൽ ജോലി ചെയ്തുകൊണ്ടിരുന്ന തമിഴ്‌നാട് സ്വദേശി സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മുകളിൽ ഇട്ടിരുന്ന ഷീറ്റുകളും പൈപ്പുകളും പശുക്കളുടെ ശരീര ഭാഗത്തേക്ക് കുത്തിയിറങ്ങിയാണ് പരിക്കുകൾ സംഭവിച്ചത്. ഫയർ ഓഫീസർ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് പൈപ്പുകൾ അറുത്തുമാറ്റി പൈപ്പിനും ഷീറ്റിനും ഇടയിൽ കുരുങ്ങിക്കിടന്നിരുന്ന 15-ഓളം പശുക്കളെ ഏറെ പണിപ്പെട്ടിട്ടാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്.

തകഴി ഫയർഫോഴ്സിന്റെ സമയബന്ധിത ഇടപെടൽ മൂലമാണ് പശുക്കൾക്ക് ജീവഹാനി സംഭവിക്കാതിരുന്നത് എന്ന് സുപ്രമോദ് പറഞ്ഞു. ചമ്പക്കുളം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ശ്രീമതി സുജാതയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു നാശനഷ്ടങ്ങൾ വിലയിരുത്തി. ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഫാം ഉടമ പറഞ്ഞു.

Related Articles

Latest Articles