Saturday, December 20, 2025

കാത്തിരിപ്പിൻ്റെ അഞ്ചാം നാൾ! അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു; സൈന്യത്തിന്റെ സഹായം തേടണമെന്ന് കുടുംബം

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോലയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ 5-ാം ദിവസത്തിൽ. കർണാടകയിൽ നിന്ന് റഡാറടക്കം കൂടുതൽ മെച്ചപ്പെട്ട ഉപകരണങ്ങൾ എത്തിച്ച് തിരച്ചിൽ ഉർജിതമാക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയത്.

അതേസമയം, രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ ഉൾപ്പെടുത്തണമെന്നാണ് അർജുന്റെ കുടുംബത്തിന്റെ ആവശ്യം. നിലവിലെ തിരച്ചിലിൽ തൃപ്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മണ്ണിടിച്ചിൽ ഭാഗത്തുള്ള പ്രദേശത്താണ് ലോറി ഇപ്പോഴുള്ളതെന്നാണ് വിവരം. മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. കേരളത്തിൽ നിന്നും രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘം ഇന്ന് കർണാടകയിൽ എത്തും.

വെള്ളിയാഴ്ച രാത്രി രക്ഷാപ്രവ‍ർത്തനം നടത്താൻ വലിയ ലൈറ്റുകൾ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തിരച്ചിൽ അൽപസമയം കൂടി തുടരുകയും ചെയ്തു. എന്നാൽ മേഖലയിൽ അതിശക്തമായ മഴ പെയ്യുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും തിരച്ചിൽ നിർത്തിവയ്ക്കുകയാണെന്നും ഉത്തര കന്നഡ കളക്ടർ മാദ്ധ്യമങ്ങളെ അറിയിച്ചു.

Related Articles

Latest Articles