കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു. എസ്ഐടി ശക്തമായി എതിർപ്പ് ഉന്നയിച്ചുവെങ്കിലും വിജിലൻസ് കോടതി തള്ളുകയായിരുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണം വേണ്ട എന്ന നിലപാടായിരുന്നു സർക്കാരും ദേവസ്വം ബോർഡും എസ്ഐടിയും സ്വീകരിച്ചത്. എന്നാൽ, വിജിലൻസ് കോടതി ഇത് തള്ളി. റിപ്പോർട്ടുകൾ അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇഡിയ്ക്ക് കൈമാറണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയെ ആയിരുന്നു ഇഡി ആദ്യം സമീപിച്ചത്. എന്നാൽ, വിജിലൻസ് കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത എഫ്ഐആർ മൊഴി പകർപ്പുകൾ ഉൾപ്പെടെ ഉള്ളവ വേണമെന്നതാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യം. മുഴുവൻ രേഖകളും നൽകുന്നതിലുള്ള എതിർപ്പ് പ്രോസിക്യൂഷൻ അറിയിച്ചു.
രണ്ട് തവണയാണ് എസ്ഐടിക്ക് രേഖാമൂലം എതിർപ്പ് അറിയിക്കാൻ കേസ് മാറ്റിവച്ചത്. ഇഡി കള്ളപ്പണ ഇടപാട് നടന്നോ എന്നത് പരിശോധിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ സമാന്തര അന്വേഷണം വേണ്ട എന്ന നിലപാടിലായിരുന്നു എസ്ഐടി. അതേസമയം കൈമാറുന്ന രേഖകൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം എസ്ഐടിയെ എങ്ങനെയാണ് ബാധിക്കുക എന്ന മറുവാദം ആണ് കോടതിയിൽ ഉയർത്തിയത്.

