കോതമംഗലം : നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കീരിത്തോട് തെക്കുമറ്റത്തില്‍ പരേതനായ ബെന്നിയുടെ മകള്‍ അനീറ്റ ബെന്നി(14)യാണ് അപകടത്തില്‍ മരിച്ചത്. കഞ്ഞിക്കുഴി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ അനീറ്റ അമ്മയ്‌ക്കൊപ്പം ചികിത്സാ ആവശ്യത്തിനായി എറണാകുളത്തേക്ക് പോവുകയായിരുന്നു. ബസിന്റെ ഏറ്റവും മുന്‍പിലെ സീറ്റിൽ ഇരുന്ന പെൺകുട്ടി ബസ് മറിഞ്ഞതിന് പിന്നാലെ ചില്ല് തകര്‍ന്ന് പുറത്തേക്ക് വീഴുകയായിരുന്നു. ബസിനടിയില്‍ കുടുങ്ങിപ്പോയ അനീറ്റയെ ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയശേഷമാണ് പുറത്തെടുക്കാൻ സാധിച്ചത്. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
നേര്യമംഗലം മണിയമ്പാറയില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കട്ടപ്പനയില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏകദേശം ഇരുപതടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
അപകടത്തില്‍ 18 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെല്ലാം കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.അപകടകാരണം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി ബസ് പരിശോധിക്കുന്നുണ്ട്.

