കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് കോടതി പറഞ്ഞു. 2008-ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട സ്ഥലത്താണ് ബ്രൂവറി തുടങ്ങാൻ സർക്കാർ പ്രാഥമികാനുമതി നൽകിയത്.മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്കാണ് യൂണിറ്റ് തുടങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നത്. ബ്രൂവറി ആരംഭിക്കുന്നത് കാർഷിക മേഖലയ്ക്ക് ഗുണംചെയ്യുമെന്നായിരുന്നു സർക്കാർ ഉത്തരവിലുണ്ടായിരുന്നത്.
വിശദമായ പഠനം നടത്താതെ പ്രാഥമികാനുമതി നൽകിയത് ശരിയല്ലെന്ന് കോടതി പറഞ്ഞു. പാരിസ്ഥിതികാഘാത പഠനം നടത്തിയശേഷം തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മലിനീകരണപ്രശ്‌നം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ബ്രൂവറി ആരംഭിക്കുന്നതിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ഉയർന്നിരുന്നു.

