സോഫിയ (ബൾഗേറിയ): യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദേർ ലേയെൻ സഞ്ചരിച്ച വിമാനത്തിന്റെ ജിപിഎസ് സിഗ്നലുകൾ ബൾഗേറിയയ്ക്ക് മുകളിൽവെച്ച് നഷ്ടമായതായി റിപ്പോർട്ട്. സംഭവം റഷ്യയുടെ സൈബർ ആക്രമണം മൂലമാണെന്നാണ് ആരോപണം. വിമാനത്തിന്റെ ജിപിഎസ് സംവിധാനം റഡാർ ജാമർ ഉപയോഗിച്ച് തടസ്സപ്പെടുത്തിയതായി യൂറോപ്യൻ യൂണിയൻ വക്താവ് അരിയാന പോഡെസ്റ്റ് സ്ഥിരീകരിച്ചു.
എന്നിരുന്നാലും, സംഭവം നടന്നയുടൻ പൈലറ്റുമാർ സാഹചര്യം കൈകാര്യം ചെയ്യുകയും ഭൂപടങ്ങളുടെ സഹായത്തോടെ വിമാനം സുരക്ഷിതമായി ബൾഗേറിയയിലെ പ്ലോവ്ഡിവ് വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്തു. റഷ്യയുമായും ബെലറൂസുമായും അതിർത്തി പങ്കിടുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിലായിരുന്നു ഉർസുല വോൺ ദേർ ലേയെൻ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കടുത്ത വിമർശക കൂടിയായ ഉർസുല, പ്രതിരോധ മേഖലയിലെ യൂറോപ്യൻ യൂണിയന്റെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതിനിടെയാണ് ഈ സംഭവം.
ഈ മേഖലയിൽ വിമാനങ്ങളുടെ ജിപിഎസ് സിഗ്നലുകൾ തടസ്സപ്പെടുത്തുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. രഹസ്യ കപ്പലുകൾ ഉപയോഗിച്ച് റഷ്യയാണ് ഈ സൈബർ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് ആരോപണം. ഇക്കാര്യത്തിൽ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

