ലോകജനതയെ നടുക്കിയ സുനാമി ദുരന്തത്തിന്റെ കണ്ണീരോർമ്മകൾക്ക് നാളെ 20 വർഷം തികയും. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷം മനുഷ്യജീവനുകളെയാണ് സുനാമി കടലിലേക്ക് കൊണ്ടുപോയത്. 2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല അടുത്ത പകല്‍ അവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമായിരിക്കുമെന്ന്. ജീവീതത്തിന്റെ സര്‍വവും കടലമ്മയില്‍ അര്‍പ്പിച്ചു കഴിയുന്ന കടലിന്റെ മക്കള്‍ക്ക് 2004 ഡിസംബര്‍ 26 കറുത്ത ദിനമാണ് !
ക്രിസ്മസ് ആഘോഷമെല്ലാം കഴിഞ്ഞുറങ്ങിയ ജനം ഉണര്‍ന്നെഴുന്നേറ്റത് ഒന്നുമില്ലായ്മയിലേക്കാണ്. കലി തുള്ളിയ കടല്‍ സകലതുമെടുത്തു. എല്ലാം നിമിഷ നേരം കൊണ്ടായിരുന്നു. കണ്ണടച്ച് തുറക്കുംമുന്‍പ് കണ്‍മുന്നില്‍ കണ്ടതെല്ലാം കടല്‍ കൊണ്ടുപോയ കാഴ്ച നിസ്സഹായനായി നോക്കി നില്‍ക്കാനേ മനുഷ്യന് കഴിഞ്ഞുള്ളൂ. 2004 ഡിസംബര്‍ 26 രാവിലെ 7.59നാണ് ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് കടലിന് അടിത്തട്ടില്‍ റിക്ടര്‍ സ്കെയിലില്‍ 9.1 മുതല്‍ 9.3 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. വന്‍ ഭൂകമ്പം വമ്പന്‍ തിരമാലകളായി രൂപാന്തരപ്പെട്ടു. ശക്തമായ ഭൂചലനത്തിന് പിന്നാലെ ഏഴുമണിക്കൂറിനുള്ളില്‍ കിഴക്കന്‍ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെമ്പാടും നാശം വിതച്ചു. കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത് ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാ, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ തീരങ്ങളിലാണ് സുനാമി തിരകള്‍ ആഞ്ഞടിച്ചത്. ഇവിടങ്ങളിലായി 16,000 ജീവനുകളാണ് പൊലിഞ്ഞത്.
തിരമാലകൾ ലോകത്തിന്റെ പലഭാഗങ്ങൾക്കൊപ്പം ആറാട്ടുപുഴയിലും നാശമുണ്ടാക്കി. ആ ദിനം ആറാട്ടുപുഴക്കാർക്ക് ഇന്നും ഭയാനകമാണ്. ഉറ്റവർ നഷ്ടപ്പെട്ടതിന്റെ വേദന പലരെയും ഇന്നും വേട്ടയാടുന്നു.
വലിയഴീക്കൽ, തറയിൽക്കടവ്, പെരുമ്പള്ളി എന്നിവിടങ്ങളിലാണ് വൻനാശമുണ്ടായത്. 29 ജീവൻ നഷ്ടമായി. ജനങ്ങളെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനും നാടിനെ വീണ്ടെടുക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളും സന്നദ്ധസംഘടനകളും ഒത്തുചേർന്നു. എന്നാൽ, തീരവാസികളുടെ ആശങ്കയില്ലാതാക്കാനായിട്ടില്ല.
ആധുനിക ടൗൺഷിപ്പും മെച്ചപ്പെട്ട ജീവിതസാഹചര്യവുമൊരുക്കുമെന്ന് ദുരന്തബാധിതർക്കു നൽകിയ വാഗ്ദാനം ജലരേഖയായി. പുനരധിവാസത്തിനായി കോടികളെത്തിയിട്ടും വിനിയോഗത്തിൽ വന്ന അപാകം തിരിച്ചടിയായി. ആറാട്ടുപുഴയിലെ കോളനിയിലുള്ളവർ പ്രാഥമികകൃത്യത്തിനുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. ആറാട്ടുപുഴയിൽ സ്പെഷ്യൽ പാക്കേജിൽ മൂവായിരത്തിലധികം വീടുകളാണ് നിർമിച്ചത്. ഇതിൽ ഒട്ടുമിക്കതുമിപ്പോൾ ചോർന്നൊലിക്കുന്നു. കടലേറ്റമാണ് ഇവരെ അലട്ടുന്ന മറ്റൊരു പ്രശ്നം. ആറാട്ടുപുഴയുടെ മൂന്നിലൊന്നു ഭാഗത്തുപോലും ശക്തമായ കടൽഭിത്തിയില്ല.

