Tuesday, December 23, 2025

മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത് സുരക്ഷ മുൻനിർത്തി ! എന്തു കൊണ്ട് മനസിലാക്കുന്നില്ല? ;പൂർണത്രയീശ ക്ഷേത്രം എഴുന്നള്ളത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി : തൃപ്പുണ്ണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും ക്ഷേത്രത്തില്‍ നടന്നത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, പി,ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം ക്ഷേത്ര ഭരണസമിതിക്കെതിരേ വനംവകുപ്പും കേസെടുത്തിരുന്നു.

എഴുന്നള്ളിപ്പിൽ ആനയും ആളുകളും തമ്മില്‍ എട്ടുമീറ്റര്‍ അകലവും ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും പാലിച്ചില്ലെന്നായിരുന്നു വനം വകുപ്പിന്റെ കണ്ടെത്തല്‍. അതേസമയം കോടതി നിർദ്ദേശം ധിക്കരിച്ചതല്ലെന്നും മഴകാരണം നടത്തിയ ക്രമീകരണമായിരുന്നുവെന്നും മഴയത്ത് ആനയെ നിര്‍ത്താന്‍ പറ്റാത്ത കാരണം ആനകൊട്ടിലിലേക്ക് കേറ്റി നിര്‍ത്തുകയാണ് ചെയ്തതെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ പ്രതികരണം.
സുരക്ഷ മുന്‍നിര്‍ത്തിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് മനസിലാക്കാത്തത് എന്തുകൊണ്ടാണെന്നും സാമാന്യ ബുദ്ധി പോലുമില്ലേ എന്നും ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. ദേവസ്വം ഭാരവാഹികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും എഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കോടതി പറഞ്ഞു.

Related Articles

Latest Articles