കൊച്ചി : ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്നും ഉന്നതാധികാര സമിതി, പോലീസ്, സ്‌പെഷ്യൽ കമ്മിഷണര്‍ എന്നിവരെ തീരുമാനം അറിയിക്കണമെന്നും ദേവസ്വം ബോര്‍ഡിന് കോടതി കർശന നിർദ്ദേശം നല്‍കി. പുതിയ ഭസ്മക്കുളം നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ശബരിമല ഒരു സാധാരണ ക്ഷേത്രം അല്ലെന്നും, ലക്ഷക്കണക്കിന് ഭക്തർ വരുന്ന സ്ഥലമായത് കൊണ്ട് തന്നെ തോന്നിയത് പോലെ ചെയ്യാൻ അനുവദിക്കാനാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അടക്കം ചിലർ മാത്രം തീരുമാനിച്ച് കാര്യങ്ങൾ നടപ്പിലാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി നിലപാടെടുത്തു. രണ്ടു വർഷം മുമ്പ് ഒരു കോടി രൂപ ചെലവാക്കി ഭസ്മക്കുളം നവീകരിച്ച വിവരവും കോടതി ചൂണ്ടിക്കാട്ടി. അരമണിക്കൂറോളം സമയമെടുത്താണ് കോടതി കേസ് പരിഗണിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ശബരിമലയില്‍ പുതിയ ഭസ്മക്കുളത്തിനു കല്ലിട്ടത്. മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപം കൊപ്രാക്കളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് പുതിയ ഭസ്മക്കുളം നിര്‍മിക്കുന്നത്. കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാര്‍ ഐസിഎല്‍ ഫിന്‍ കോര്‍പ്പ് സിഎംഡി കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കല്ലിടുകയായിരുന്നു.
വലിയ നടപ്പന്തലിലെ സ്റ്റേജിൽ ഇരിക്കുന്ന പഞ്ചലോഹഗണപതി വിഗ്രഹം ടോയ്ലറ്റ് കോംപ്ലക്സുള്ള കെട്ടിടം പൊളിച്ചു കളഞ്ഞിട്ട് അവിടെ സ്ഥാപിക്കാനും നീക്കം നടന്നിരുന്നു. ഈ നീക്കവും ഹൈക്കോടതി തടഞ്ഞിട്ടുണ്ട്

