പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ അകാരണമായി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ കുടുതൽ നടപടി. സംഭവത്തിൽ ഉൾപ്പെട്ട പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവിനെയും 3 പോലീസുകാരനെയും സസ്‌പെന്‍ഡ് ചെയ്തു. ഡിഐജി അജിതാ ബീഗമാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
സംഭവത്തെ തുടർന്ന് എസ്‌ഐ എസ് ജിനുവിനെ രാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. മര്‍ദ്ദനത്തില്‍ തോളെല്ലിന് പൊട്ടലേറ്റ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

