Sunday, December 14, 2025

പീഡനശ്രമത്തിനിടെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം ! പരിക്കേറ്റ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു

ചെന്നൈ : വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ടതിനെത്തുടർന്ന് പരിക്കേറ്റ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു.

തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയിൽ ജോലി ചെയ്യുന്ന മുപ്പത്തിയാറുകാരിയായ ആന്ധ്രാ സ്വദേശിനി തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അതിക്രമത്തിനിരയായത്. ജോലാർപെട്ട സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോൾ പ്രതിയായ ഹേമരാജ് ലേഡീസ് കംപാർട്ട്മെന്റിലേക്ക് ഓടിക്കയറുകയും യുവതി ശുചിമുറിയിലേക്ക് പോയപ്പോൾ പിന്തുടർന്നെത്തി കയറിപിടിക്കുകയായിരുന്നു.

നിലവിളിച്ച യുവതി, ഗർഭിണിയാണെന്നും തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന ഹേമരാജ് തയാറായില്ല. കവനൂറിനു സമീപമെത്തിയപ്പോൾ ഇയാൾ യുവതിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ടു. ട്രാക്കിൽ പരുക്കുകളോടെ കണ്ടെത്തിയ യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുപ്പത്തിനു സമീപം പൂഞ്ചോല എന്ന ഗ്രാമത്തിൽ നിന്നാണ് ഹേമരാജിനെ പിടികൂടിയത്. ദേശീയ വനിതാ കമ്മിഷൻ തമിഴ്നാട് പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles