പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മത്സ്യക്കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളും. പ്രതിഷേധക്കാരും പോലീസും തമ്മിലാണ് ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായത്. സമരക്കാർ ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞു. നഷ്ടപരിഹാരം മാത്രമല്ല, ഇനി ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയണം എന്നാണ് സമരക്കാരുടെ ആവശ്യം. സംഭവത്തിൽ ഉത്തരവാദിത്തം ഇറിഗേഷൻ വകുപ്പിനാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം.
മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതിന്റെ കാരണം ഓരുവെള്ളം കയറി ഓക്സിജന്റെ അളവ് കുറഞ്ഞതാകാം എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട്. എന്നാൽ ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങളാണ് ഇത്തവണത്തെ ദുരന്തത്തിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു.
കോടിക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് രണ്ടു ദിവസം കൊണ്ട് ചത്തുപൊങ്ങിയിരിക്കുന്നത്. പെരിയാറിൽ കൂടുകൾ ഒരുക്കി ഇതിൽ മത്സ്യകൃഷി നടത്തിയവരാണ് ഈ ദുരന്തം നേരിട്ടത്. മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതോടെ പെരിയാർ വലിയ തോതിൽ മലിനമായി. ഈ മത്സ്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണം എന്നും കർഷകർ ആവശ്യപ്പെടുന്നു.
സംഭവത്തില്‍ അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംഭവസ്ഥലത്തെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകള്‍ ശേഖരിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് അത് കുഫോസ് സെന്‍ട്രല്‍ ലാബിലേക്ക് പരിശോധനക്കായി നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകും. മത്സ്യസമ്പത്തിന്റെ നാശനഷ്ടം കണക്കാക്കി മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിർദേശം ലഭിച്ചിട്ടുണ്ട്
പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ഉപ്പുവെള്ളവുമായി ചേര്‍ന്ന് ജലത്തില്‍ ഓക്‌സിജന്റെ അളവ് പെട്ടെന്ന്കുറഞ്ഞതു മൂലമാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങാനിടയായത് എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. എന്നാല്‍ പ്രദേശം ഒരു വ്യവസായ മേഖലയായതിനാല്‍ തന്നെ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതാണോ മത്സ്യങ്ങൾ കൂട്ടമായി ചത്തു പൊങ്ങിയത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇത് കണ്ടെത്താനായി സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കാനും കുറ്റക്കാരായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ക്ക് നിര്‍ദേശം നൽകിയതായി കളക്ടര്‍ പറഞ്ഞു.

