മലപ്പുറം : പോലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ എസ്‌പിയെ അധിക്ഷേപിച്ച പി.വി.അൻവറിന്റെ നടപടിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥർ കടുത്ത അതൃപ്തിയിൽ. ഐപിഎസ് അസോസിയേഷൻ . മുഖ്യമന്ത്രിക്ക് പരാതി നൽകണമെന്നാണ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന്റെ ആവശ്യം. ഐ.പി.എസ് അസോസിയേഷൻ യോഗം ചേർന്ന പ്രമേയം പാസാക്കിയ ശേഷം മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് നീക്കം.
പി.വി.അൻവർ പങ്കെടുത്ത മലപ്പുറത്ത് നടന്ന പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ എസ്പി വൈകി എത്തിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. അൻവറിന് പിന്നാലെ മറുപടി പ്രസംഗത്തിനായി എത്തിയ എസ്പി എസ്.ശശിധരൻ ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ച് തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു . ഞാൻ അൽപ്പം തിരക്കിലാണ്. പ്രസംഗത്തിനുള്ള മൂഡിലല്ല. ഈ ചടങ്ങിന് എല്ലാ ആശംസകളും നേർന്ന് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.’’–ഇത്രമാത്രമാണ് എസ്‌പി ചടങ്ങിൽ പറഞ്ഞത്. പത്തനംതിട്ടയിലെ നരബലിക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ശശിധരൻ.
സർക്കാർ ഭവനപദ്ധതിയിലൂടെ വീടു നിർമിക്കുന്നതിന് മണ്ണ് എടുക്കാൻ സമ്മതിക്കാത്തതും തന്റെ പാർക്കിലെ മോഷ്ടാക്കളെ പിടികൂടാത്തതും എംഎൽഎയെ ചൊടിപ്പിച്ചു
. ‘‘ ഇപ്പോ തന്നെ 10 മണിക്കല്ലേ സമ്മേളനം പറഞ്ഞത്. ഞാൻ 9.50ന് മലപ്പുറത്തെത്തി. രാവിലെ ആദ്യം ആരംഭിക്കുന്ന പരിപാടി ഞാൻ ഒരു മിനിറ്റു പോലും വൈകാറില്ല. ഇവിടെയെത്തിയ എന്നോട് കാത്തിരിക്കാൻ പറഞ്ഞു. 10.20നാണ് ഞാൻ സമ്മേളന സ്ഥലത്തേക്ക് വന്നത്. 27 മിനിറ്റ് വീണ്ടും കാത്തിരുന്നു. ഒരു കുഴപ്പവുമില്ല. അദ്ദേഹം (എസ്‌പി) തിരക്കു പിടിച്ച ഓഫിസറാണ്. ആ തിരക്കിന്റെ ഭാഗമായിട്ടാണ് നേരത്തെ വരാതിരുന്നതെങ്കിൽ എനിക്ക് ഒരു പ്രശ്നവുമില്ല. കാത്തു നിൽക്കാൻ തയാറാണ്. പക്ഷേ അവനവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചിട്ടാണ് വരാതിരുന്നതെങ്കിൽ അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. മനസ്സിലായോ. ഇതൊന്നും ശരിയായ രീതികളല്ല.’’– പി.വി.അൻവർ പറഞ്ഞു.
തന്റെ പാർക്കിലെ മോഷ്ടാവിനെ പിടിക്കാത്തതിലായിരുന്നു രണ്ടാമത്തെ വിമർശനം. ‘‘ 9 ലക്ഷംരൂപ വിലവരുന്ന, റോപ്‌വേയ്ക്ക് ഉപയോഗിച്ചിരുന്ന സ്റ്റീൽ കേബിൾ രണ്ടായിരത്തി മൂന്നൂറിലധികം കിലോ തൂക്കം വരും. ഒരാൾക്കും, രണ്ടാൾക്കും പത്താൾക്കും കൊണ്ടുപോകാൻ കഴിയില്ല. ഒരു സംഘമായി വന്ന് സംവിധാനത്തോടെ മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ. അത് കൊണ്ട് പോയിട്ട് അഞ്ചെട്ടു മാസമായി. മൂന്നു പ്രാവശ്യം ഞാൻ എസ്‌പിയെ വിളിച്ചു. ഒരു വിവരവുമില്ല. ഞങ്ങൾക്ക് കിട്ടിയ വിവരം പൊലീസിനു കൈമാറി. അതിലൊരു സ്ത്രീയെ മാത്രം വിളിച്ച് ചായ കൊടുത്തു വിട്ടു എന്നാണ് അറിഞ്ഞത്. ഞാൻ തെളിവടക്കം നിയമസഭാ സമ്മേളനത്തിൽ പറയാൻ പോവുകയാണ്. ഇങ്ങനെയുണ്ടോ പൊലീസ്. ഇത്രയും വലിയ സാധനം കാട്ടിനുള്ളിൽനിന്ന് എടുത്തുകൊണ്ടുപോയിട്ട് കണ്ടുപിടിച്ചിട്ടില്ല. ഏത് പൊട്ടനും കണ്ടുപിടിക്കാൻ കഴിയില്ലേ. ഇതൊന്നും പറയാതിരിക്കാൻ നിവൃത്തിയില്ല. പ്രതികരിക്കേണ്ട ഘട്ടത്തിലേക്ക് കടക്കുന്നു, ഞങ്ങൾ പ്രതികരിക്കും’’–പി.വി.അൻവർ പറഞ്ഞു.
ഐപിഎസ് ഉദ്യോഗസ്ഥരുടെ അഴിമതിയും പ്രസംഗത്തിൽ അൻവർ പരാമർശിച്ചു. ഐപിഎസുകാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് അപമാനമാണെന്ന് അൻവർ പറഞ്ഞു. മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പൊലീസുകാരെക്കുറിച്ചും പരാമർശിച്ചു. ‘‘റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരുടെ വീട്ടിൽ പോകുമ്പോൾ അന്തം വിടുന്നുണ്ട്. ഇത്രയുംകാലം ആഫ്രിക്കയിൽവരെ പോയി അധ്വാനിച്ചിട്ട് അത്തരമൊരു വീട് ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. 10 ലക്ഷത്തിന് കക്കൂസ് ഉണ്ടാക്കും. അവിടെയാണ് 4 ലക്ഷത്തിന് വീടുണ്ടാക്കുന്ന സാധുക്കൾക്ക് മണ്ണ് കൊടുക്കാത്തത്. പൊലീസ് ഇടപെടേണ്ട വിഷയമാണ്. ഇതാണോ നീതി. ഇതിനാണോ നിയമമുണ്ടാക്കിയത്’’–പി.വി.അൻവർ പറഞ്ഞു.

