തിരുവനന്തപുരം : തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പോലീസ് പിടിയിലായി. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെയാണ് തമ്പാനൂർ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനി ലാലിക്ക് എതിരെയും നേരത്തെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
കഴിഞ്ഞ മാസമായിരുന്നു സംഭവം. കഴിഞ്ഞ മാസം ഏഴിന് ജനിച്ച പെൺകുട്ടിയെ നാലാം ദിവസം ആശുപത്രിയിൽവച്ചു തന്നെ വിൽക്കുകയായിരുന്നു. തിരുവനന്തപുരം ചൈൽഡ് ലൈനിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. നിലവിൽ കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ്.
ഇടപാടിന് ഇടനിലക്കാരനായ യുവാവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അഞ്ജുവിന്റെ സുഹൃത്ത് നെടുമങ്ങാട് പുല്ലമ്പാറ ചുള്ളാളം ആയിരവല്ലി ശിവ ക്ഷേത്രത്തിന് സമീപം റോഡരികത്ത് പുത്തൻകരവീട്ടിൽ ജിത്തു(27)വിനെ ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അതേസമയം, നവജാത ശിശുവിനെ അമ്മയിൽ നിന്നു വിലയ്ക്കു വാങ്ങിയ ലാലിക്ക് മുൻകൂർ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയുടെ വെക്കേഷൻ ബെഞ്ചാണ് ഉപാധികളോടെ ഇവർക്ക് ജാമ്യം അനുവദിച്ചത്. ബാലനീതി നിയമത്തിലെ 75, 80, 81 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.

