Monday, December 22, 2025

വയനാട്ടിൽ ജനങ്ങൾ കടുവാ ഭീതിയിൽ കഴിയുന്നതിനിടെ ഫാഷൻ ഷോയിൽ പാട്ട് പാടിയ സംഭവം ! വിശദീകരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കടിച്ചുകൊന്ന കടുവയെ പിടികൂടാനാകാതെ ജനങ്ങൾ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വിമർശനം ഉയർന്നപ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും ഇനി അക്കാര്യങ്ങളിൽ ശ്രദ്ധിക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

“ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കാം. പൊതുപ്രവർത്തകൻ എന്ന നിലയിൽ അത്തരം നിരീക്ഷണങ്ങളെ ഗൗരവത്തോടെ കാണും. തിരുത്താനുണ്ടെങ്കിൽ തിരുത്തും. തിരുത്തുന്നത് നല്ലതാണെന്നാണ് വിശ്വസിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിൽ വകുപ്പുകളിൽ ഏകോപന കുറവുണ്ടായിട്ടില്ല”- എ കെ ശശീന്ദ്രൻ പറഞ്ഞു.

വയനാട് പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ പിടികൂടാൻ വനംവകുപ്പും പോലീസും ബുദ്ധിമുട്ടുമ്പോഴാണ് ഫാഷൻ ഷോയിൽ വനംവകുപ്പ് മന്ത്രി പാട്ടുപാടി ആഘോഷിച്ചത്. നടൻ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷൻ ഫ്യൂഷൻ മെഗാ മ്യൂസിക്കൽപ്രോഗാംകോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഉദ്ഘാടനം ചെയ്താണ് മന്ത്രി പാട്ടുപാടിയത്.

അതേസമയം നരഭോജി കടുവയെ കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ രണ്ട് ദിവസമായി തുടരുകയാണ്. കടുവ കൂടിന് സമീപത്തായി എത്തിയെങ്കിലും കൂട്ടില്‍ കയറിയിരുന്നില്ല. അതിനെ തുടര്‍ന്നാണ് ആര്‍.ആര്‍.ടി സംഘം വനത്തിനുള്ളിലേക്ക് കയറി കടുവയെ വെടിവെക്കാനുള്ള ശ്രമം നടത്തി. സംഘം കാട്ടില്‍ പരിശോധന നടത്തുന്നിതിനിടെ കടുവ പുറകില്‍ നിന്ന് ആക്രമിക്കുകയും ഒരു ആർആർടി അംഗത്തിന് പരിക്കേൽക്കുകയും ചെയ്തു.

ജയസൂര്യ എന്ന ഫോറസ്റ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടുവ അടിച്ചിടുകയായിരുന്നു. കടുവയെ ഷീല്‍ഡ് വെച്ച് തടയുന്നതിനിടെ നഖം തട്ടി കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ബാക്കി സംഘം ഇപ്പോഴും പരിശോധന തുടരുകയാണ്.

Related Articles

Latest Articles