മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി നിര്‍മാണക്കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. പ്രാഥമിക വിവരം മാത്രമാണുള്ളതെന്നും എന്താണ് സംഭവിച്ചതെന്നറിയാനുള്ള കൃത്യമായ പരിശോധനകള്‍ തുടരുകയാണെന്നും നിര്‍മാണത്തിനുമുന്‍പ് എല്ലാതരം പഠനങ്ങളും നടത്തിയിരുന്നുവെന്നും കമ്പനിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി പ്രതികരിച്ചു . പ്രദേശത്ത് പാലമാണ് വേണ്ടതെങ്കില്‍ പാലം നിര്‍മിക്കാനും തയ്യാറാണെന്നും വിദഗ്ധരുടെ ഉപദേശമനുസരിച്ച് കമ്പനി മുന്നോട്ടുപോകുമെന്നും ജലന്ധര്‍ റെഡ്ഡി പറഞ്ഞു.
സംഭവത്തില്‍ കടുത്ത നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തിരുന്നു. ഇതോടെ കമ്പനിക്ക് തുടർകരാറുകളിൽ പങ്കെടുക്കാനാവില്ല. ഇതിനൊപ്പം പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ( എച്ച്.ഇ.സി) എന്ന കമ്പനിക്കും വിലക്കുണ്ട്. പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെയും ദേശീയപാത നിര്‍മാണത്തിന്റെ ടീം ലീഡറായ രാജ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു നടപടി
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി പരിശോധന നടത്തിയിരുന്നു. ഡല്‍ഹി ഐഐടിയിലെ പ്രൊ. ജി.വി റാവുവിനെ ഉള്‍പ്പെടുത്തി ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിദഗ്ധ സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.

