Saturday, December 13, 2025

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുട‍ർന്ന് രോഗി മരിച്ച സംഭവം;അനേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുട‍ർന്ന് രോഗി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

മരിച്ച സിന്ധുവിൽ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരുന്ന് മാറി കുത്തിവച്ചതാണ് മരണ കാരണമെന്ന് കഴിഞ്ഞ ദിവസം ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ മരുന്ന് മാറിയിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ച കൂടരഞ്ഞി സ്വദേശി സിന്ധുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയായിരുന്നു. മരുന്നിന്‍റെ പാർശ്വഫലമാകാം സിന്ധുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇക്കാര്യത്തിലടക്കം വ്യക്തത ലഭിക്കുന്നതിന് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനക്കായി അയച്ചിരിക്കുകയാണ്.

Related Articles

Latest Articles