മീനങ്ങാടി: കാരാപ്പുഴ ഡാമിനു സമീപം ദുരൂഹ സാഹചര്യത്തിൽ കാണാതായ കർഷകന്‍റെ മൃതദേഹം കണ്ടെത്തി. മുരണി കുണ്ടുവയലിലെ കീഴാനിക്കല്‍ സുരേന്ദ്രന്റെ മൃതദേഹമാണ് പുഴയില്‍ നിന്ന് കണ്ടെടുത്തത്. പുല്ലരിയാൻ പോയ കര്‍ഷകനെ മുതല പിടിച്ച് പുഴയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതായി സംശയമുയര്‍ന്നിരുന്നു.
കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപം കുണ്ടുവയല്‍ഭാഗത്ത് പുല്ലരിയാൻ പോയ സുരേന്ദ്രനെ ബുധനാഴ്ച ഉച്ചക്കാണ് കാണാതായത്.സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ അടയാളമുണ്ട്. സുരേന്ദ്രന്‍റെ കരച്ചില്‍ കേട്ടതായി നാട്ടുകാരും പറഞ്ഞിരുന്നു. ഫയര്‍ഫോഴ്‌സും മീനങ്ങാടി പോലീസും പള്‍സ് എമര്‍ജൻസി ടീം അംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബുധനാഴ്ച കണ്ടെത്താനായില്ല. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മീനങ്ങാടി പൊലീസ് സുരേന്ദ്രനെ കാണാതായ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു. പ്രദേശത്ത് കണ്ടെത്തിയ കാൽപാടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

