പാലക്കാട്:മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ വിദ്യാർഥികൾ ചേരി തിരിഞ്ഞ് തല്ലുകൂടിയ സംഭവത്തില്‍ ഫൈനലിയർ ബിരുദ വിദ്യാർത്ഥികളായ ആറുപേരെ സസ്പെൻ്റ് ചെയ്തതായി കോളേജ് പ്രിൻസിപ്പൽ വി എ ഹസീന അറിയിച്ചു.സംഭവത്തില്‍ മൂന്നാം വർഷ ബിരുദ വിദ്യാർഥി മലപ്പുറം പാങ്ങ് സ്വദേശി മുഹമ്മദ് ഷാഹിറിനെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.കോളേജിലെ ഗ്യാങ്ങുകള്‍ തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ കല്ലുകൊണ്ട് അടിയേറ്റ അലനല്ലൂർ പട്ടാണിതൊടി സഫ്വാന് (19) തലയ്ക്കു സാരമായി പരുക്കേറ്റിരുന്നു. അറസ്റ്റിലായ മുഹമ്മദ് ഷാഹിറിനും പരുക്കുണ്ട്.

