സദസ്സില്‍ ആളില്ലെന്ന പേരിൽ മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് റദ്ദാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ ബലിയാടാക്കാനുള്ള ശ്രമങ്ങൾ ഊർജിതം.സംഘാടനത്തിൽ പിഴവുണ്ടെന്നാരോപിച്ച് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകി. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി ജോയിക്കാണ് ഗതാഗത വകുപ്പ് നോട്ടീസ് നൽകിയത്.
കേരളാ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന വ്യൂഹത്തിലേക്ക് പുതുതായി എത്തുന്ന വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങാണ് സദസിൽ ആളില്ലെന്ന പേരിൽ കെ ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയത്. തിരുവനന്തപുരം കനകക്കുന്ന് പാലസ് പരിസരത്ത് വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങാണ് ആരംഭിച്ചതിന് പിന്നാലെ തന്നെ റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചത്. സംഘാടനം മോശമെന്നാരോപിച്ചാണ് പരിപാടിയില്‍ നിന്ന് ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വി.കെ.പ്രശാന്ത് എംഎല്‍എയോടും മാദ്ധ്യമപ്രവര്‍ത്തകരോടും അതിഥികളോടും ക്ഷമ ചോദിക്കുന്നതായി അറിയിച്ചാണ് അദ്ദേഹം ഫ്ളാഗ് ഓഫ് പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്.
കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് പണം ചിലവഴിച്ച് 52 വാഹനങ്ങള്‍ വാങ്ങുകയും അത് കനകക്കുന്ന് കൊട്ടാരത്തിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട് മനോഹരമായി ഈ പരിപാടി നടത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ യാതൊരു ഉത്തരവാദിത്തവും കാണിച്ചില്ല. പരിപാടിയില്‍ പങ്കെടുത്തത് തന്റെ പാര്‍ട്ടിക്കാരും കുറച്ച് ഉദ്യോഗസ്ഥരും മാത്രമാണ്. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കും. മറ്റൊരു ദിവസം പരിപാടി നടക്കും എന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

